ന്യൂഡല്‍ഹി: നടന് കൂട്ടിക്കല്‍ ജയചന്ദ്രന് പ്രതിയായ പോക്സോ കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി. കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. ജയചന്ദ്രന് നല്കിയ ഇടക്കാല സംരക്ഷണം മാര്‍ച്ച് 24 വരെ സുപ്രീം കോടതി നീട്ടി.
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന് സുപ്രീം കോടതിയെ സമീപിച്ചത്. തനിക്ക് എതിരായ ആരോപണത്തിന് പിന്നില്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ ആണെന്നാണ് ജയചന്ദ്രന്റെ വാദം.
എന്നാല്‍, കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് നല്കിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും താന്‍ നേരിട്ട ലൈംഗിക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്ന പീഡനവിവരം എങ്ങനെ അവഗണിക്കാനാവുമെന്ന് സുപ്രീം കോടതി ആരാഞ്ഞത്.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നല്കാന് കേസിലെ എല്ലാ കക്ഷികള്‍ക്കും സുപ്രീം കോടതി അനുമതി നല്കി. മാര്‍ച്ച് 24-ന് ഹര്‍ജി പരിഗണിക്കുന്നത് വരെ ജയചന്ദ്രന് നേരത്തെ അനുവദിച്ച ഇടക്കാല സംരക്ഷണം തുടരുമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് അറിയിച്ചു.
കൂട്ടിക്കല്‍ ജയചന്ദ്രന് വേണ്ടി സീനിയര്‍ അഭിഭാഷകന് ആര്. ബസന്ത്, എ. കാര്‍ത്തിക് എന്നിവര്‍ ഹാജരായി.സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജ്, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.