കൊല്ലം: സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടേറിയറ്റ് രൂപവത്കരണം സി.പി.എമ്മില്‍ പതിവില്ലാത്തതാണ്. 40 വര്‍ഷത്തിനിടെ ആ പതിവ് പാര്‍ട്ടി തെറ്റിച്ചത് കഴിഞ്ഞ എറണാകുളം സമ്മേളനത്തിലാണ്. അന്ന് ഏഴുപേരെ ഒഴിവാക്കി എട്ട് പേരെ പുതുതായി ഉള്‍പ്പെടുത്തി സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഘടകമായ സെക്രട്ടേറിയറ്റ് അടിമുടി അഴിച്ചുപണിതു. സീനിയോറിറ്റി പരിഗണനകള്‍ മാറ്റിവെച്ച് യുവനിരയുടെ കടന്നുവരവിനും അതുവഴി കഴിഞ്ഞ സമ്മേളനം സാക്ഷ്യം വഹിച്ചു. അതാണ് സമ്മേളനത്തില്‍ തന്നെ സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കാനുള്ള കാരണമായി വിലയിരുത്തുന്നത്. ആ നില തുടരുമോ എന്ന് ഉറപ്പില്ല.
കൊല്ലം സമ്മേളനത്തിലേക്കെത്തുമ്പോള്‍ ഇത്തവണ എ.കെ. ബാലന്, പി.കെ. ശ്രീമതി, ആനാവൂര്‍ നാഗപ്പന് എന്നിവരാണ് 75 വയസ്സ് പ്രായപരിധിയില്‍ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്. ജനുവരി ഒന്ന് കണക്കാക്കിയാണ് മാനദണ്ഡം എന്നതിനാല്‍ ഈ വര്‍ഷം മേയ് മാസത്തില്‍ 75 തികയുന്ന ഇ.പി. ജയരാജനും ജൂണില്‍ പ്രായപരിധിയില്‍ എത്തുന്ന ടി.പി. രാമകൃഷ്ണനും സെക്രട്ടേറിയറ്റില്‍ തുടരാനാണ് എല്ലാ സാധ്യതയും. അല്ലെങ്കില്‍ കഴിഞ്ഞതവണത്തെ പോലെ അടിമുടി പൊളിച്ചെഴുത്തിലേക്ക് പോയാല്‍ അവരും മാറാം. പരിധി പിന്നിട്ടവരില്‍ ആനാവൂര്‍ നാഗപ്പന് കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് സെക്രട്ടേറിയറ്റിലേക്ക് വന്നത്. അങ്ങനെയാണ് പകരം വി. ജോയി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായത്.പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നാണ് ഇത്തവണ സെക്രട്ടറി തന്നെ അറിയിച്ചത്. എ.കെ. ബാലന് പകരം പാലക്കാടുനിന്ന് എം.ബി. രാജേഷ് വരുമെന്ന് ഏറക്കുറേ ഉറപ്പാണ്. പി.കെ. ശ്രീമതി ഒഴിയുന്നതോടെ വനിതാ പ്രാതിനിധ്യമായി ടി.എന്‍. സീമ, സി.എസ്. സുജാത ഇവരില്‍ ഒരാള്‍ വരുമെന്ന സൂചനയാണ് പൊതുവേയുള്ളത്. പി. സതീദേവിയും ജെ. മേഴ്സിക്കുട്ടിയമ്മയുമാണ് പരിഗണനയില്‍ വരുന്ന മറ്റ് രണ്ടുപേര്‍. ഇത്തവണ ബ്രാഞ്ച്, ഏരിയ ലോക്കല്‍ കമ്മിറ്റികളില്‍ കൂടുതല്‍ വനിതകളെ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി കൊണ്ടുവന്നിരുന്നു. ആ നിലയില്‍ സംസ്ഥാന കമ്മിറ്റിയിലും ഇപ്പോഴുള്ള 13 വനിതകള്‍ എന്നത് കൂട്ടിയേക്കും. പ്രാതിനിധ്യം കൂട്ടാന്‍ തീരുമാനിച്ചാല്‍ സുജാതയും സീമയും രണ്ട് പേരും സെക്രട്ടേറിയറ്റില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. ഒരാള്‍ മാത്രമെങ്കില്‍ ടി.എന്‍. സീമയ്ക്കാണ് കൂടുതല്‍ സാധ്യത. പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സി.എസ് സുജാത, പി.സതീദേവി എന്നിവര്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായതിനാല്‍ സെക്രട്ടേറിയറ്റില്‍ അവര്‍ക്ക് സ്വാഭാവികമായും പങ്കെടുക്കാം.
സെക്രട്ടേറിയറ്റില്‍ ജില്ലാ പ്രാതിനിധ്യം ഒരു മാനദണ്ഡമാക്കാറില്ല. നിലവിലെ 17 അംഗ സെക്രട്ടേറിയറ്റില്‍ നാലുപേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കണ്ണൂരിന്റെ ആധിപത്യത്തെ സമ്മേളനത്തില്‍ പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചതും ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്. പി.കെ. ശ്രീമതി മാറുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായ പി. ശശി സെക്രട്ടേറിയറ്റിലെത്താനാണ് എല്ലാ സാധ്യതയും. അങ്ങനെയെങ്കില്‍ പി.ജയരാജന്റെ സാധ്യത അടയും. അങ്ങനെ വന്നാല്‍ പി. ജയരാജന് സെക്രട്ടേറിയറ്റ് അംഗത്വം കിട്ടാക്കനിയാകും. 72 വയസ്സായ പി.ജയരാജന് അടുത്ത സമ്മേളനമാകുമ്പോഴേക്ക് 75 വയസ്സ് പ്രായപരിധി പിന്നിടും. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇ.പി ജയരാജന്, എം.വി ഗോവിന്ദന് എന്നിവരെല്ലാം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പിന്നീട് സെക്രട്ടേറിയറ്റിലേക്ക് എത്തിയവരാണ്. പി.ജയരാജന് ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പാര്‍ട്ടി അദ്ദേഹത്തെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്.
ആ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന് ജില്ലാ സെക്രട്ടറിയായത്. എന്നാല്‍ അതേ സാഹചര്യത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവന് മത്സരിച്ചെങ്കിലും പാര്‍ട്ടി അതിന് ശേഷം അദ്ദേഹത്തെ വീണ്ടും തിരികെ സെക്രട്ടറിയാക്കി. പക്ഷേ പി.ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടി മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. പി.ശശി കഴിഞ്ഞ തവണ സമ്മേളനത്തില്‍ സമ്മേളന പ്രതിനിധി പോലുമല്ലാഞ്ഞിട്ടും അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സെക്രട്ടേറിയറ്റിലേക്ക് ഇത്തവണ ശശിയെ പരിഗണിക്കുന്നില്ലെങ്കില്‍ പി. ജയരാജന് വഴിതെളിയും. അതാണ് ഏവരും ഉറ്റുനോക്കുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.