കോട്ടയം: സിപിഎം എന്ന രാഷ്ട്രീയ കക്ഷി അതിൻ്റെ രീതി ശാസ്ത്രമനുസരിച്ച് സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കൃത്യമായ ഇടവേളകളിൽ ഏറ്റവും താഴെ തലം മുതൽ ഏറ്റവും ഉയർന്ന ഘടകം വരെ സമ്മേളനങ്ങൾ നടത്തി നേതൃസമിതിയംഗങ്ങളെ നിയമിക്കുന്നു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. നേതൃ സമിതിയംഗങ്ങളെ തെരഞ്ഞെടുക്കുന്നു എന്ന് പറയാതിരുന്നത് മനപൂർവ്വമാണ്. ആ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് അപൂർവ്വമാണ്. അതിൽ ഒരു തർക്കത്തിന് പ്രസക്തിയില്ല. കാരണം അത് പാർട്ടി അംഗങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്.
ഇപ്പോൾ മഴക്ക് ശേഷം മരം പെയ്യുന്നു എന്ന് പറയുന്നതുപോലെ സമ്മേളനാനന്തര കാര്യങ്ങൾ ചർച്ച നടക്കുകയാണല്ലോ? പത്തനംതിട്ടയിലെ നേതാവിന് സംസ്ഥാന സമിതിയിൽ ഇടം കിട്ടാത്തതിന്റെ വേദനയേക്കാൾ വലിയ വേദന ആരോഗ്യ മന്ത്രിക്ക് അവിടെ എത്താൻ കഴിഞ്ഞതിലാണ്. എല്ലാം കണ്ണൂരുകാര് കവർന്ന് കൊണ്ടുപോകുന്നു എന്ന ആവലാതി ഉയർന്ന കൊല്ലം സമ്മേളനം (മാധ്യമ പ്രയോഗം) തീർന്നപ്പോൾ ഞങ്ങൾക്ക് ഒന്നെ കിട്ടിയുള്ളു എന്ന ആവലാതി കൊല്ലം കാർക്ക്. 72 വയസായ പി. ജയരാജിന് ജീവിത കാലത്ത് സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിനോക്കാൻ കഴിയില്ലന്ന തിരിച്ചറിവിൽ നീറിനിൽക്കുന്നു കണ്ണൂർ ആർമി.
ഇനി കോട്ടയത്തേക്ക് വന്നാൽ ക്യാപ്റ്റൻ്റെ ഏറ്റവും വിശ്വസ്തനായ നേതാവാണ് മന്ത്രി ശ്രീ. വി.എൻ. വാസവൻ. വെട്ടിനിരത്തിയും തച്ചുതകർത്തും സംസ്ഥാന സെക്രട്ടറിയേറ്റിൽ വരെ എത്തിയ യോദ്ധാവ്. ഇക്കുറിയും സമ്മേളന യുദ്ധഭൂമിയിൽ തൻ്റെ ആവനാഴിയിലെ അസ്ത്രങ്ങൾ കൃത്യമായി പ്രയോഗിച്ച് വിജയശ്രീലാളിതനായത് ശ്രീ.വാസവൻ തന്നെയാണ്. തൻ്റെ സംഘടനക്കകത്തെ ശത്രുക്കളെ മാനസികമായി തകർക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ തന്ത്രം. താൻ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ മൽസരിക്കാൻ പോയപ്പോൾ സെക്രട്ടറിയുടെ ചാർജജ് പോലും ആർക്കും കൈമാറിയില്ല. കണ്ണൂരാർമി യുടെ ചെന്താരകമായ ശ്രീ. പി.ജയരാജന് പിന്നീട് ആ കസേര സ്വപ്നം പോലും കാണാൻ കഴിയാതിരുന്നപ്പോഴാണ് കോട്ടയത്ത് ശ്രീ.വാസവൻ്റെ വരവും കാത്ത് ആ കസേര ഒഴിഞ്ഞു കിടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.