കോഴിക്കോട്: പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാമെന്ന് അറിയിച്ച് ഷൂട്ടർമാർ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഷൂട്ടർമാർ ഇക്കാര്യം അറിയിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കടുവ, ആന ഉൾപ്പെടെ എല്ലാ വന്യമൃഗങ്ങളെയും വെടിവച്ചുകൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രത്യേക യോഗം ചേർന്നത്.പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പ് നൽകി. തീരുമാനം സംസ്ഥാന സർക്കാരിലേക്ക് അയയ്ക്കും. സർക്കാർ തീരുമാനം വന്ന ശേഷമായിരിക്കും തുടർനടപടികൾ.പഞ്ചായത്ത് പരിധിയിലെ 5 ഷൂട്ടർമാരാണ് യോഗത്തിൽ പങ്കെടുത്തത്. 20 ഷൂട്ടർമാരുടെ ലിസ്റ്റായിരുന്നു പഞ്ചായത്ത് തയാറാക്കിയത്. ബാക്കിയുള്ളവർ പഞ്ചായത്തിനു പുറത്തുള്ളവരാണ്.
ഈ മാസം 19, 20, 21 തിയതികളിൽ വിഷയം ചർച്ച ചെയ്യുന്നതിനായി പ്രത്യേക ഗ്രാമസഭ ചേരും. 24ന് വനംവകുപ്പ് ഓഫിസിലേക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്താനും യോഗത്തിൽ തീരുമാനിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശയ്ക്കെതിരെയാണ് പ്രതിഷേധം.
ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നാണ് വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലുമെന്ന് പ്രഖ്യാപിച്ചത്. തീരുമാനത്തെ പിന്തുണച്ച് കർഷക സംഘടനകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
ഇതോടെ പഞ്ചായത്ത് പ്രസിഡന്റിനുള്ള പ്രത്യേക അധികാരം റദ്ദാക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശുപാർശ നൽകി. ഭരണഘടനാ വിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് പഞ്ചായത്തു ഭരണ സമിതിയുടെ ആഹ്വാനമെന്ന് വ്യക്തമാക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ പ്രസിഡന്റിനു നൽകിയ ‘ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം’ റദ്ദാക്കാനാണ് വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. പ്രസിഡന്റുമാർക്ക് ഓണററി പദവി നൽകിയത് മന്ത്രിസഭാ തീരുമാനമായതിനാൽ ഒരാളുടെ പദവി എടുത്തു കളയാനും മന്ത്രിസഭ തീരുമാനിക്കേണ്ടതുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം.ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. എന്തു സംഭവിച്ചാലും പ്രത്യാഘാതം നേരിടാൻ തയാറെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.