കൊച്ചി: കളമശേരി ഗവ.പോളിടെക്നിക് കോളജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. കഞ്ചാവ് കൊണ്ടുവന്നതു മൂന്നാം വർഷ വിദ്യാർഥിയായ മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നു പിടിയിലായ പൂർവ വിദ്യാർഥികൾ വെളിപ്പെടുത്തി.
കൊല്ലം സ്വദേശിയായ ഈ വിദ്യാർഥിയെ തേടി പൊലീസ് എത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്നാണു വിവരം. തങ്ങൾ കഞ്ചാവ് കൊണ്ടുവന്നതു സീനിയർ വിദ്യാർഥിയായ കൊല്ലംകാരൻ പറഞ്ഞിട്ടാണെന്നാണു പൂർവവിദ്യാർഥികളായ ആഷിഖ്, ഷാലിഖ് എന്നിവർ കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കഞ്ചാവ് വാങ്ങിയതിന്റെ പണം അയച്ചിരിക്കുന്നതും ഇയാളാണ്.ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരിൽനിന്ന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ മറ്റു തെളിവുകൾ കൂടി പരിശോധിച്ചു മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഒളിവിലുള്ള കൊല്ലം സ്വദേശിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
റെയ്ഡ് സമയത്താണ് ഇയാള്‍ മുങ്ങിയത് എന്നാണു സൂചനകൾ. കഞ്ചാവിന് നിക്ഷേപമിറക്കി ആകാശ് അടക്കമുള്ളവരെക്കൊണ്ട് വിൽപ്പന നടത്തിക്കാനാണോ ഇയാൾ ശ്രമിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹോളിയോട് അനുബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ വിൽക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവ് എന്നത് തെളിഞ്ഞിരുന്നു. മുൻകൂറായി പണം നൽകുന്നവർക്ക് 300 രൂപയ്ക്കും അല്ലെങ്കിൽ 500 രൂപയ്ക്കും കഞ്ചാവ് നൽകാനായിരുന്നു പദ്ധതികൾ. തുടർന്ന് പണപ്പിരിവും നടന്നിരുന്നു. ഈ വിവരം ചോർന്നാണ് കോളജ് പ്രിൻസിപ്പൽ അറിയുന്നതും അദ്ദേഹം പൊലീസിൽ വിവരം നൽകുന്നതും പിന്നാലെ റെയ്ഡ് സംഭവിക്കുന്നതും.
ആകാശിനൊപ്പം താമസിച്ചിരുന്ന മറ്റു രണ്ടു വിദ്യാർഥികളായ ആദിൽ, അനന്തു എന്നിവര്‍ക്ക് ഇടപാടിൽ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇവർക്കെതിരെ തെളിവുകളൊന്നുമില്ല, എന്നാൽ വിശദമായി പരിശോധിക്കുമെന്നും തൃക്കാക്കര എസിപി പി.വി.ബേബി വ്യക്തമാക്കി. കെഎസ്‍യു പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചിട്ടുള്ള ആളാണ് ആദിൽ. അതിനിടെ, ആഷിഖിനൊപ്പം അറസ്റ്റിലായ ഷാലിഖ് കെഎസ്‍യു നേതാവാണെന്ന ആരോപണവുമായി ആർഷോ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആർഷോയുടെ പ്രതികരണം. പോളിയിൽ നടന്ന മെമ്പർഷിപ്പ് ക്യാംപെയ്നെ സൂചിപ്പിക്കുന്ന ഒരു ചിത്രവും ആർഷോ പങ്കുവച്ചിട്ടുണ്ട്. 2023ൽ ഷാലിഖ് കെഎസ്‍യുവിന്റെ മെമ്പർഷിപ് ക്യാംപയിൻ ഉദ്ഘാടനം നടത്തുന്ന ചിത്രമാണ് ഇത് എന്നാണ് ആർഷോ പറഞ്ഞിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയേയും ടാഗ് ചെയ്തുകൊണ്ടാണ് ആർഷോയുടെ കുറിപ്പ്. കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും എസ്എഫ്ഐക്കെതിരെ രംഗത്തു വന്നിരുന്നു. ആലുവ കേന്ദ്രീകരിച്ചുള്ള ഇതര സംസ്ഥാനക്കാരനിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത് എന്നാണ് ആഷിഖ് നൽകിയിരിക്കുന്ന മൊഴി. ഇയാളെക്കുറിച്ചുള്ള വിവരവും പൊലീസ് ശേഖരിച്ചു കഴിഞ്ഞതായി അറിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.