ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ 14 കിലോ സ്വർണവുമായി പിടിയിലായ കന്നഡ നടി രന്യ റാവുവിനെതിരേ അന്വേഷണം ശക്തമാകുന്നു. എൻഫോഴ്മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. നിരന്തരമായ അന്താരാഷ്ട്ര യാത്രകൾ, സംശയകരമായ പണമിടപാടുകൾ, ഹവാല ബന്ധം എന്നിവയെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്.
രന്യയുടെ വളര്‍ത്തച്ഛനായ കര്‍ണാടക ഡിജിപി രാമചന്ദ്ര റാവുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സ്വർണക്കടത്ത് സുഗമമാക്കാനോ ഇദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയിരുന്നോ എന്നതുൾപ്പടെ അന്വേഷിക്കുന്നുണ്ട്.
2023-നും 2025-നും ഇടയിൽ 52 തവണ രന്യ ദുബായ് യാത്ര നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 45 എണ്ണം ഒറ്റ ദിവസത്തേക്ക് മാത്രം നടത്തിയ യാത്രകളാണ്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബെംഗളൂരു, ഗോവ, മുംബൈ വഴി 27 സന്ദർശനങ്ങളാണ് നടത്തിയത്. 45 തവണ തനിച്ച് ഇത്തരത്തിൽ യാത്ര ചെയ്തത് സ്വർണക്കടത്ത് സംഘവുമായുള്ള രന്യയുടെ അടുത്ത ബന്ധത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
രന്യയും സുഹൃത്ത് തരുൺ രാജുവും ദുബായിലേക്ക് 26 യാത്രകൾ നടത്തിയതിന് തെളിവുകൾ ഉണ്ടെന്ന് ചൊവ്വാഴ്ച കോടതി നടപടിക്കിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അവകാശപ്പെട്ടു. രാവിലെ പുറപ്പെട്ട് വൈകീട്ടോടെ തിരിച്ചെത്തുന്നതായിരുന്നു ഇവരുടെ യാത്രകൾ. ഇതും സംശയം ഉണ്ടാക്കുന്നതാണ്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി, 2023-ൽ ദുബായിൽ വീര ഡയമണ്ട്സ് ട്രേഡിങ് എന്ന സ്ഥാപനം രന്യ രജിസ്റ്റർ ചെയ്തുവെന്ന ആരോപണവും ഉണ്ട്. നടനും ബിസിനസുകാരനുമായ തരുൺ രാജുവാണ് ഇതിലെ പങ്കാളിയെന്നാണ് റിപ്പോർട്ട്. 2022-ൽ ബെംഗളൂരുവിൽ ബയോ എൻഹോ ഇന്ത്യ എന്ന സ്ഥാപനവും ഇവർ സ്ഥാപിച്ചു. പിന്നീട് ഇതിനെ സിറോഡ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ബിസിനസ് സംരംഭങ്ങൾ ആരംഭിച്ചത് ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംശയമുണ്ടാക്കുന്നതാണ്.
രന്യയുടെ അക്കൗണ്ടുകളിലേക്കു വന്ന പണം പിന്നീട് സ്വർണക്കടത്തുമായി ബന്ധപ്പെട്ട അജ്ഞാത സ്രോതസ്സുകളിലേക്ക് വഴിതിരിച്ചുവിട്ടെന്ന് സംശയിക്കുന്നതിനാൽ അന്വേഷണ ഏജൻസികൾ സാമ്പത്തിക രേഖകൾ പരിശോധിച്ചുവരികയാണ്. നിയമവിരുദ്ധമായി ഉണ്ടാക്കിയ സമ്പാദ്യങ്ങൾ നിയമാനുസൃതമാക്കാൻ രന്യയുടെ ബിസിനസ് സംരംഭങ്ങൾ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
അതേസമയം, കേസിൽ ജാമ്യം തേടി രന്യ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ കോടതി ബുധനാഴ്ച വാദം കേൾക്കും. മുൻപ്, രണ്ടുതവണ രന്യ റാവു ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ആദ്യം കീഴ്‌ക്കോടതിയെയും തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയേയുമായിരുന്നു സമീപിച്ചത്.
സ്വർണ്ണ കള്ളക്കടത്ത് അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പട്ടികയിലെ പ്രധാനിയാണ് വ്യവസായിയും നടനുമായ തരുൺ രാജു. ദുബായിൽ സ്വർണം വാങ്ങാൻ ഇയാൾ സഹായിച്ചതായും കള്ളക്കടത്തിന് പണം കണ്ടെത്താനായി ഹവാല ഇടപാടുകൾ നടത്തിയതായും ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.സ്വർണം വാങ്ങിയതുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകൾ നടന്നതിന്റെ തെളിവുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അറസ്റ്റിൽ കഴിയുന്ന തരുൺ രാജു കേസിലെ രണ്ടാം പ്രതിയാണ്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ബിസിനസ് രേഖകളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. പിന്നീട് 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജുവിന്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വാദം കേട്ടിരുന്നു.
രന്യ റാവു ഉന്നയിച്ച ആരോപണങ്ങൾ അല്ലാതെ തരുണിനെതിരെ സ്വതന്ത്രമായ മറ്റ് കുറ്റങ്ങളൊന്നുമില്ലെന്ന് രാജുവിന്റെ അഭിഭാഷകർ കോടതിയിൽ അവകാശപ്പെട്ടു. രന്യയുമായി ചേർന്ന് വീര ഡയമണ്ട്‌സ് സ്ഥാപിച്ചെങ്കിലും 2024 ഡിസംബറിൽ അദ്ദേഹത്തെ കമ്പനിയിൽനിന്ന് പുറത്താക്കിയതായി അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ രാജുവിന്റെ ജാമ്യാപേക്ഷയെ ഡിആർഐ എതിർത്തു. രന്യ റാവുവിനൊപ്പമുള്ള യാത്രകൾ ഉൾപ്പെടെയുള്ളവയുടെ രേഖകൾ ഡിആർഐ കോടതിയിൽ സമർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.