കൊച്ചി: വയനാട് കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താത്തതിന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ കൃത്യമായ മറുപടി നല്‍കാത്തതിലാണ് വിമര്‍ശം. കേന്ദ്രസര്‍ക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണോ എന്ന് കോടതി ചോദിച്ചു.
വലിയ സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴായിരുന്നു പുനരധിവാസവുമായി ബന്ധപ്പെട്ട് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട് 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ തീരുമാനിച്ചത്. പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു വ്യവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയത്.ഈ തുക മാര്‍ച്ച് 31-നകം പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഡിസംബര്‍ 31- വരെ സമയം നീട്ടി എന്നാണ് കേന്ദ്രം കോടതിയില്‍ വിശദീകരിച്ചത്.
ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അതോടെയാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് പോലും കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു.
കൃത്യമായ ഉത്തരം നല്കാന് ഡല്‍ഹിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുതെന്നും കോടതി പറഞ്ഞു. അടുത്ത ബുധനാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്നതാണ് ഹൈക്കോടതി കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.