ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് അടിസ്ഥാനമാക്കിയ ജനസംഖ്യ വർധനവിന്റെ കണക്ക് ഏതാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്ത് ജനസംഖ്യ വർധനവുണ്ടായതിനെ തുടർന്നാണ് വാർഡ് വിഭജനം നടത്തിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ജനസംഖ്യ വർധനവിന് അടിസ്ഥാനമാക്കിയ കണക്ക് ഏതാണെന്ന് കോടതി ചോദിച്ചത്.
2011-ലെ സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേരള ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ലീഗിന്റെയും, കോൺഗ്രസിന്റെയും നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ വര്‍ഷം പുതിയ സെന്‍സസ് നടക്കാനിരിക്കെ പഴയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തിയത് തെറ്റാണെന്നാണ് മുസ്ലിം ലീഗ് നേതാക്കൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിരഞ്ജൻ റെഡ്‌ഡിയും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു.
എന്നാൽ, സംസ്ഥാനത്ത് ജനസംഖ്യ വർധനവുണ്ടായിട്ടുണ്ടെന്നും അതിനാൽ വാർഡുകളുടെ പുനർവിഭജനം അനിവാര്യമാണെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ മറുപടി നൽകി. തുടർന്നാണ് ജനസംഖ്യ വർധനവ് ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞത്. കൃത്യമായ കണക്കുകളില്ലാതെ നടത്തിയ വാർഡ് വിഭജനം ഏകപക്ഷീയമല്ലേഎന്ന വാക്കാലുള്ള നിരീക്ഷണവും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള നടത്തി.
അതേസമയം, കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹർജികളിൽ ഉണ്ടായിരുന്നുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന സീനിയർ അഭിഭാഷകനും രാജ്യസഭാ അംഗവുമായ നിരഞ്ജൻ റെഡ്ഡിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.2011-ലെ സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ ഹർജി സമർപ്പിച്ച കോഴിക്കോട് ജില്ലയിലെ വിവിധ മുന്‍സിപ്പാലിറ്റികളിലെ ആറ് മുസ്ലിം ലീഗ് നേതാക്കൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിരഞ്ജൻ റെഡ്‌ഡിയും അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി.
യു.ഡി.എഫ്. ഭരിക്കുന്ന മട്ടന്നൂർ മുനിസിപ്പാലിറ്റിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നവീൻ ആർ. നാഥും, അഭിഭാഷകൻ അബ്ദുള്ള നസീഹും ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, സ്റ്റാന്ഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് ഹാജരായത്. സംസ്ഥാന വാർഡ് പുനർവിഭജന കമ്മിഷന് വേണ്ടി അഭിഭാഷകൻ എം.ആർ. രമേശ് ബാബുവാണ് ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.