തിരുവനന്തപുരം: പാചകവാതക വിതരണ ഏജൻസി ഉടമയിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഡപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു പുതിയ വീട് നിർമിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. കൊച്ചിയിൽ താമസിക്കുന്ന അലക്സ് മാത്യു തിരുവനന്തപുരത്താണ് വീട് നിർമിക്കുന്നത്. ശനിയാഴ്ച വൈകിട്ട് മനോജിന്റെ വീട്ടിലെത്തിയ അലക്സ് അദ്ദേഹം അവിടെയില്ലെന്നു മനസ്സിലാക്കി നേരെ പോയത് ഇവിടേക്കാണെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
അലക്സ് പലരിൽനിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണു വിവരം. കേസിന്റെ നൂലാമാലകളിൽപ്പെടാൻ താൽപര്യമില്ലാത്തതിനാൽ ഇവരിൽ പലരും പരാതി നൽകാൻ ഒരുക്കമല്ല. കൈക്കൂലി നൽകിയില്ലെങ്കിൽ തന്റെ ഏജൻസിയിൽനിന്ന് ഉപയോക്താക്കളെ മാറ്റുമെന്നായിരുന്നു മനോജിനെ അലക്സ് മാത്യു ഭീഷണിപ്പെടുത്തിയത്. 2012 – 14 കാലയളവിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊല്ലത്തെ പ്ലാന്റിൽ ജോലി ചെയ്തിരുന്നപ്പോഴും അലക്സ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഗ്യാസ് സിലിണ്ടറുകൾക്ക് അന്ന് ക്ഷാമമുള്ള കാലമാണ്. ഗ്യാസ് ലോഡ് അനുവദിക്കാനാണ് കൈക്കൂലി ചോദിച്ചത്. അന്ന് 5000 രൂപ, 10,000 രൂപ എന്നിങ്ങനെ സുഹൃത്തുക്കൾ വഴി അലക്സിനു മനോജ് നൽകിയിരുന്നു. നേരിട്ടു സംസാരിക്കുമ്പോൾ ഫോൺ മാറ്റിവയ്ക്കാൻ ഇയാൾ ആവശ്യപ്പെടും.മാസങ്ങൾക്കു മുൻപ് എറണാകുളം ചിലവന്നൂരിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയ അലക്സ് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അത്രയും പണം നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. ഇതിനു പിന്നാലെ മനോജിന്റെ ഏജൻസിയിലെ ഏതാണ്ട് 1500 ഉപയോക്താക്കളെ സെയിൽസ് ഓഫിസറെ ഉപയോഗിച്ച് സമീപ ഏജൻസികളിലേക്കു മാറ്റി. ആഴ്ചകൾക്കു ശേഷം അലക്സ് ഫോണിൽ വിളിച്ചു. ‘ഞാൻ പറഞ്ഞതു പോലെ മനോജ് ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനിയും സമയമുണ്ട്. ഞാൻ ആവശ്യപ്പെട്ടതു നൽകിയാൽ മനോജിനെ സംരക്ഷിക്കാം’ എന്നു പറഞ്ഞു. പണം നൽകാനാവില്ലെന്നു മനോജ് ആവർത്തിച്ചു. ഒരുപാട് ആലോചിച്ച ശേഷമാണു മനോജ് പരാതി നൽകാൻ തീരുമാനിച്ചത്. പരാതി നൽകുന്നതു വഴിയുണ്ടാകുന്ന നാണക്കേട്, ഭാവിയിൽ ബിസിനസിൽ വന്നേക്കാവുന്ന ബുദ്ധിമുട്ട് എന്നിവയെല്ലാം ആലോചിച്ചു. ഒടുവിൽ, പരാതിയുമായി മുന്നോട്ടുപോകാൻ മനോജ് തീരുമാനിക്കുകയായിരുന്നു. വിജിലൻസ് കോടതി അലക്സ് മാത്യുവിനെ 29 വരെ റിമാൻഡ് ചെയ്തു. വിജിലൻസ് ജഡ്ജി എം.വി. രാജകുമാരയുടെ വസതിയിൽ ഇന്നലെ വൈകിട്ടാണു ഹാജരാക്കിയത്. കൈക്കൂലി വാങ്ങിയതിനു പുറമേ, അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുത്തിട്ടുണ്ട്. അലക്സിനെ ചോദ്യംചെയ്യാൻ വരും ദിവസങ്ങളിൽ വിജിലൻസ് കസ്റ്റഡി അപേക്ഷ നൽകും. അലക്സ് മാത്യുവിനെ സസ്പെൻഡ് ചെയ്തതായി അദ്ദേഹത്തിന്റെ പേരോ തസ്തികയോ പരാമർശിക്കാതെ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. നിയമങ്ങൾ അനുസരിച്ചു കർശന അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായ ഗീതിക വർമ ഒപ്പിട്ട പത്രക്കുറിപ്പിൽ പറയുന്നു.
അതീവ രഹസ്യ ഓപ്പറേഷനിലൂടെയാണ് അലക്സ് മാത്യുവിനെ വിജിലൻസ് കുടുക്കിയത്. ഏജൻസി ഉടമയായ എസ്. മനോജിന്റെ കുറവൻകോണം പണ്ഡിറ്റ് കോളനിയിലുള്ള വീട്ടിൽ ഒളിച്ചിരുന്ന പത്തംഗ വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ അലക്സിനെ കയ്യോടെ പിടികൂടുകയായിരുന്നു. കൈക്കൂലി വാങ്ങാൻ കൊച്ചിയിൽനിന്നു പുറപ്പെട്ടപ്പോൾ മുതൽ അലക്സ് വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ‘ഓപ്പറേഷൻ ഹസ്ത’ എന്ന പേരിലായിരുന്നു രഹസ്യദൗത്യം.അലക്സ് കൈക്കൂലി ചോദിച്ചെന്ന പരാതിയുമായി മനോജ് ആദ്യം സിബിഐയെയാണു സമീപിച്ചത്. എന്നാൽ, കോടതിയിൽ നിന്നുള്ള നിർദേശപ്രകാരമേ കേസെടുക്കാനാകൂവെന്ന് സിബിഐ അറിയിച്ചു. വിജിലൻസിനെ സമീപിക്കാനും ഉപദേശിച്ചു. ശനിയാഴ്ച രാവിലെ വിജിലൻസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിൽ മനോജ് പരാതി നൽകി. ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിർദേശപ്രകാരം മനോജ് ഫോണിൽ വിളിച്ചെങ്കിലും തിരക്കാണെന്നു പറഞ്ഞ് അലക്സ് കട്ട് ചെയ്തു. തിരുവനന്തപുരത്തെത്തുന്ന അലക്സ് കൈക്കൂലി വാങ്ങാൻ മനോജിന്റെ വീട്ടിൽ നേരിട്ടെത്തുമെന്നു വിജിലൻസ് പ്രതീക്ഷിച്ചില്ല. വൈകിട്ട് കടയ്ക്കലിലെ ഏജൻസിയിലേക്കു പോകാൻ മനോജ് ഇറങ്ങിയതിനു പിന്നാലെ അലക്സ് വീട്ടിലെത്തി. മനോജിന്റെ ഭാര്യ മാത്രമാണ് അപ്പോൾ അവിടെയുണ്ടായിരുന്നത്. മനോജ് എത്തിയിട്ടു വരാമെന്നറിയിച്ച് അലക്സ് പുറത്തുപോയി.
മനോജ് വിവരമറിയിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ വിജിലൻസ് സംഘം വീടിനകത്തു കയറി പല മുറികളിൽ ഒളിച്ചിരുന്നു. മനോജ് വീട്ടിലെത്തിയതിനു തൊട്ടുപിന്നാലെ അലക്സ് അവിടെയെത്തി.500 രൂപയുടെ 4 കെട്ടുകളടങ്ങിയ കൈക്കൂലിപ്പണം പോക്കറ്റിലിടുമ്പോൾ വിജിലൻസ് സംഘം സ്വീകരണ മുറിയിലെത്തി അലക്സിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്എച്ച്ഒ അഭിലാഷ്, ഇൻസ്പെക്ടർമാരായ കിരൺ, ശിവകുമാർ, എസ്ഐ സെന്തിൽ കുമാർ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് അലക്സിനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.