വാഷിങ്ടൻ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ രണ്ടു ദിവസമായി യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. യെമന്റെ തലസ്ഥാനമായ സനായെയും സൗദി അറേബ്യയുടെ അതിർത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളെയും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
യുഎസ് വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ അറിയിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ് ട്രൂമാൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ ആക്രമിച്ചതായും ഹൂതികൾ അവകാശപ്പെട്ടു. ഞായറാഴ്ച യുഎസ് പോർവിമാനങ്ങൾ 11 ഹൂതി ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്നും ഇവയൊന്നും കപ്പലിന്റെ അടുത്തെത്തിയില്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
യെമനിലെ എല്ലാ സൈനിക നീക്കങ്ങളും നിർത്തണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മരിച്ചവരിൽ ചില പ്രധാന ഹൂതി വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും യുഎസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. യെമനിൽ ആക്രമണം തുടരുന്നിടത്തോളം കാലം ചെങ്കടലിൽ യുഎസ് കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് സേനയുടെ ശക്തമായ നടപടി. വാണിജ്യ കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്ന ഹൂതികളെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ചെങ്കടലിലെ കപ്പലാക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.