തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ‘ആശമാർക്ക്’ പിന്തുണയുമായി 27നും 28നും സെക്രട്ടേറിയറ്റ് നടയിൽ സ്ത്രീകളുടെ രാപകൽ സമരം സംഘടിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പാർട്ടി നേതൃയോഗത്തിനു ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ‘‘ആശാ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിന്റെ തലയിലിടാനുള്ള സംസ്ഥാനത്തിന്റെ ശ്രമം പാളി. പാർലമെന്റിൽ ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിനു കുടിശിക ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി. കേരളം കേന്ദ്ര ഫണ്ടിന്റെ ഒരു കണക്കും കൊടുക്കുന്നില്ലെന്ന് എല്ലാവർക്കും മനസിലായി. കേന്ദ്ര ധനമന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിൽ കേന്ദ്രത്തിനെതിരെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞില്ല. കേരളത്തിൽ അവർ നടത്തുന്ന പ്രചാരണം പച്ച നുണയാണെന്നതിന്റെ തെളിവാണിത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നെങ്കിൽ അത് കേന്ദ്ര ധനമന്ത്രിയോട് പറയണമായിരുന്നു. വയനാട് പുനരധിവാസത്തിലും സർക്കാരിന്റെ കള്ളത്തരം വെളിച്ചത്തായി. ദുരിതബാധിതർക്ക് സർക്കാരിനെ മനസിലായി. ആയിരക്കണക്കിന് കോടി രൂപ സർക്കാരിന്റെ കയ്യിൽ ഉണ്ടായിട്ടും പുനരധിവാസത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.’’ – കെ.സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിൽ ഇടതു സർക്കാരിന്റെ കേന്ദ്ര വിരുദ്ധ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന ക്യാംപെയ്നും സംഘടിപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം ജനങ്ങളെ കബളിപ്പിക്കാനായിരുന്നു. സിപിഎമ്മും കോൺഗ്രസും ഡൽഹിയിൽ വഖഫ് നിയമത്തിനെതിരെ സമരത്തിലാണ്. ഇടത് - വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെ ബിജെപി പ്രചാരണം നടത്തുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്ത് സിപിഎം സഹായത്തോടെ ലഹരിമാഫിയകൾ അഴിഞ്ഞാടുകയാണ്. ഇതിനെതിരെ മാർച്ച് 23 മുതൽ 30 വരെ 280 മണ്ഡലങ്ങളിലും ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘‘കടൽമണൽ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്. കൊല്ലത്ത് മാത്രമാണ് മണൽക്കൂന നീക്കാൻ തീരുമാനിച്ചത്. ഇതു ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ആലപ്പുഴയിലും കോഴിക്കോടുമാണ് യുഡിഎഫും എൽഡിഎഫും സമരം ചെയ്യുന്നത്. കടൽമണൽ ഖനനം അല്ല മണൽത്തിട്ടകൾ നീക്കുകയാണ് ചെയ്യുന്നത്. വ്യാജപ്രചാരണത്തിനെതിരെ ഏപ്രിൽ 5 ന് കൊല്ലത്ത് ബഹുജന സമ്മേളനം നടത്തും. തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് സെമിനാർ നടത്തും.’’ കെ.സുരേന്ദ്രൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് സിപിഎം ക്ഷേത്രങ്ങളിൽ പേക്കൂത്തുകൾ നടത്തുന്നതെന്നും ആയിരം തവണ ഗംഗയിൽ മുങ്ങിക്കുളിച്ചാലും സിപിഎമ്മിന്റെ പാപം തീരില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.