മുംബൈ: നഗരത്തിൽ ജീവിക്കാൻ മറാഠി ആവശ്യമില്ലെന്ന മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയുടെ പരാമർശം വിവാദമാകുന്നു. മറാഠി ഭാഷയെ അപകീർത്തിപ്പെടുത്തിയ ജോഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി.
പരാമർശത്തിനെതിരെ മഹാവികാസ് അഘാഡി പ്രവർത്തകർ മുംബൈയിൽ പ്രതിഷേധിച്ചു.ഭയ്യാജി ജോഷിയുടെ പ്രസ്താവന കേട്ടില്ലെന്നും മറാഠി മുംബൈയുടെയും മഹാരാഷ്ട്രയുടെയും ഭാഷയാണെന്നും അത് എല്ലാവരും നിർബന്ധമായും പഠിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് അവകാശപ്പെട്ട് ഭയ്യാജി ജോഷി രംഗത്തെത്തി.
‘‘മുംബൈയ്ക്ക് സ്വന്തമായി ഭാഷയില്ല. നഗരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്ത ഭാഷയാണ്. ഘാട്കോപ്പറിലെ ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്നത് ഗുജറാത്തിയാണ്. സ്വാഭാവികമായും മുംബൈയിൽ താമസിക്കുന്ന ഒരാൾ മറാഠി പഠിക്കണം എന്നത് നിർബന്ധമുള്ള കാര്യമല്ല’’ എന്നായിരുന്നു ഭയ്യാജി ജോഷിയുടെ പരാമർശം.ഘാട്കോപ്പറിലെ പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാർത്ത വന്നതോടെ സർക്കാരും എൻഡിഎയും പ്രതിരോധത്തിലായി. മറാഠി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികൾ സർക്കാർ അവതരിപ്പിച്ചിരുന്നു. മറാഠി ഭാഷാ പരാമർശം വിവാദമായതിനു പിന്നാലെ പ്രതിഷേധവുമായി മഹാവികാസ് അഘാഡി രംഗത്തെത്തി.
സംയുക്ത മഹാരാഷ്ട്രാ പ്രസ്ഥാനത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച 106 പേരുടെ സ്മരണാർഥം നിർമിച്ച ദക്ഷിണ മുംബൈയിലെ ഹുതത്‌മാ ചൗക്കിൽ പ്രവർത്തകർ ഒരുമിച്ചു കൂടി. പ്രതിഷേധത്തിന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാക്കളായ വിജയ് വഡേത്തിവാർ, ഭായ് ജഗ്തപ്, നിതിൻ റാവുത്ത്, എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.