കൊച്ചി: കളമശ്ശേരി പോളി ടെക്നിക് മെന്‍സ് ഹോസ്റ്റലില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി തൃക്കാക്കര എസിപി പി.വി. ബേബി. കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തി ഇന്റലിജന്‍സില്‍നിന്നും കോളേജ് അധികാരികളില്‍നിന്നും രേഖാമൂലം അനുമതി നേടിയശേഷമാണ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് കേസുകളിലായി രണ്ട് കിലോ കഞ്ചാവാണ് കണ്ടെത്തിയത്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. രണ്ട് നിലകളിലായി 10 റൂമുകളുള്ള ഹോസ്റ്റലാണിത്. ഒരിടത്തുനിന്ന് 1.9 കി. ഗ്രാം കഞ്ചാവും മറ്റേ റൂമില്‍നിന്ന് 9.7 ഗ്രാം കഞ്ചാവും കിട്ടി. രണ്ട് റൂമുകളിലും അതതിടത്ത് താമസിക്കുന്ന കുട്ടികളുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ട് കേസുകളായെടുത്തത്. വെള്ളിയാഴ്ച നടത്താനിരുന്ന ഹോളി ആഘോഷം കൊഴുപ്പിക്കുന്നതിനായി വ്യാപകമായി കഞ്ചാവ് ശേഖരിക്കുന്നുവെന്നും പിരിവെടുക്കുന്നുവെന്നുമെല്ലാമാണ് കിട്ടിയ വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉപയോഗിക്കുന്നതിനും വിപണനം നടത്തുന്നതിനും വേണ്ടിയാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത്. ഇതാണ് ഇത്രകൂടിയ അളവില്‍ ലഹരി പദാര്‍ഥം കണ്ടെത്താന്‍ കാരണം.
ഹോസ്റ്റലില്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്ന കാര്യം വാര്ഡനുള്പ്പെടെയുള്ളവര്ക്ക് അറിയാമായിരുന്നോ എന്ന് വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. ഇപ്പോള്‍ കേസെടുക്കുകയാണ് ചെയ്തത്. ക്യാമ്പസിനകത്തും പുറത്തുനിന്നുള്ളവരുടേയും സാന്നിധ്യം ഈ കേസിലുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയാലേ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താനാവൂ. ഇതിന് മുമ്പും പോലീസും എക്സൈസും ഈ ക്യാമ്പസില്‍ നിന്ന് ചെറിയ അളവിലുള്ള ലഹരി കേസുകള്‍ എടുത്തിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യവും നിരീക്ഷണവും എപ്പോഴുമുള്ള ഒരു സ്ഥലമാണിത്. പിന്നില്‍ ആരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യത്തിന് കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. റൂമില്‍ താമസിക്കുന്നവരുടെ അറിവോ സമ്മതോ ഇല്ലാതെ മറ്റാരും അവിടെ വരാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ അവിടെ താമസിക്കുന്നവര്‍ ഇരകളാക്കപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. പിടിയിലായവരുടെ രാഷ്ട്രീയത്തെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഒന്നും പരിശോധിച്ചിട്ടില്ല. അതെല്ലാം പരിശോധിക്കേണ്ട കാര്യമാണ്, അദ്ദേഹം പറഞ്ഞു.ഹോസ്റ്റല്‍ റെയിഡിന്റെ സമയത്ത് വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലം വന്നാലേ പറയാന്‍ കഴിയുകയുള്ളുഎന്നും എസിപി വ്യക്തമാക്കി. പിടിച്ചെടുത്ത കഞ്ചാവ് എവിടെനിന്ന് വന്നു, ആര്‍ക്കൊക്കെയാണ് ഇതില്‍ പങ്ക് എന്നിവയെല്ലാം കൃത്യമായിത്തന്നെ കണ്ടുപിടിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ റൂമിലെത്തിയ പോലീസ് അവരെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് വിദ്യാര്‍ഥികള്‍ ആരോപണമുയര്‍ത്തിയിരുന്നു. അത് അടിസ്ഥാനരഹിതമാണെന്നും എസിപി വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്. വിദ്യാര്‍ഥികളായതുകൊണ്ട് മതിയായ മുന്നൊരുക്കങ്ങള്‍ നടത്തി അവിടെത്തെ അധികാരികളുടെ അനുമതി രേഖാമൂലം വാങ്ങിയാണ് പരിശോധന നടത്തിയത്. തിരച്ചിലിന്റെ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നേരെ ഒരുതരത്തിലുള്ള ഭീഷണിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല, അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാത്രമല്ല പൊതുഇടങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങി എല്ലായിടത്തും വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും എസിപി പി.വി. ബേബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.