മുംബൈ: സ്റ്റോക്ക് മാർക്കറ്റിലെ അഴിമതിയും നിയമലംഘനങ്ങളും ആരോപിച്ച് മുൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്) ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ, സെബിയുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുംബൈയിലെ പ്രത്യേക അഴിമതി വിരുദ്ധ കോടതി ശനിയാഴ്ച ഉത്തരവിട്ടു.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്തതിലെ അഴിമതിയും വലിയ സാമ്പത്തിക തട്ടിപ്പും നടന്നതായി ആരോപിച്ച് മാധ്യമ പ്രവർത്തകൻ സപൻ ശ്രീവസ്തവ സമർപ്പിച്ച ഹർജിയിലാണ് സ്പെഷ്യൽ ജഡ്‌ജി എസ്.ഇ ബംഗാർ ഉത്തരവ് പുറപ്പെടുവിച്ചത്.സെബി ഉദ്യോഗസ്ഥർ അവരുടെ നിയമപരമായ ചുമതലയിൽ വീഴ്ച വരുത്തി, മാർക്കറ്റിൽ കൃത്രിമം കാണിച്ചു,
റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഒരു കമ്പനിയെ ലിസ്റ്റിങ് ചെയ്യാൻ സെബി ഉദ്യോഗസ്ഥർ കോർപറേറ്റുകളെ സഹായിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ പരാതിക്കാരൻ കോടതിയെ അറിയിച്ചു. പരാതിയിൽ മുൻ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്, മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായൺ ജി, കമലേഷ് ചന്ദ്ര വർഷ്‌ണി, ബി.എസ്.ഇ ചെയർമാൻ പ്രമോദ് അഗർവാൾ, സി.ഇ.ഒ സുന്ദരരാമൻ രാമമൂർത്തി എന്നിവരാണ് പ്രതി പട്ടികയിൽ.എന്നാൽ, കോടതി നടപടിയിൽ ഇവരാരും പ്രതികരിച്ചിട്ടില്ല. മഹാരാഷ്ട്ര സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പ്രഭാകർ തരങ്കെ, രാജലക്ഷ്മി ഭണ്ഡാരി എന്നിവർ ഹാജരായി.
പരാതിയും അനുബന്ധ രേഖകളും പരിശോധിച്ച ശേഷം അഴിമതിയുടെ തെളിവുകൾ കണ്ടെത്തുകയും ഇന്ത്യൻ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം, സെബി നിയമം തുടങ്ങിയവയിലെ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുംബൈയിലെ ആന്റി-കറപ്ഷൻ ബ്യൂറോ (എ.സി.ബി) യോട് ജഡ്ജി ബംഗാർ ആവശ്യപ്പെട്ടു.
ആരോപണങ്ങളിൽ പറഞ്ഞ കുറ്റങ്ങൾ തെളിഞ്ഞതായും ന്യായവും നിക്ഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. നിയമപരമായ വീഴ്ചകൾക്കും ഒത്തുകളികൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി കൂട്ടി ചേർത്തു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് 30 ദിവസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എ.സി.ബിയോട് നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.