ന്യൂഡല്‍ഹി: സി.പി.എം. പൊളിറ്റ്ബ്യൂറോയിലെ അംഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ല. അതേസമയം, 75 വയസ്സ് കഴിഞ്ഞ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവാക്കിയേക്കും. പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാകും.
പി.ബി. അംഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വ്യക്തമാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാറിപ്പോര്ട്ടിന് അന്തിമരൂപം നല്കാന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ എം.വി. ഗോവിന്ദന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് പൊളിറ്റ്ബ്യൂറോയിലെ സ്ഥിരംഗമായി തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
എന്നാല്‍, സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പി.ബിയിലെ പ്രത്യേക ക്ഷണിതാവാക്കാന്‍ ആലോചിക്കുന്നതായി മുതിര്‍ന്ന പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പ്രായപരിധിയെത്തുടര്‍ന്ന് പി.ബിയിൽനിന്ന് ഒഴിവാകുന്ന പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി എന്നിവര്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായി തുടര്‍ന്നേക്കും.
മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ മാത്രമാണ് പൊളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവായി സി.പി.എം. ഇത് വരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2008-ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന സി.പി.എമ്മിന്റെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജ്യോതി ബസുവിനെ പിബിയിലെ സ്ഥിരം ക്ഷണിതാവാക്കിയത്.
അദ്ദേഹം 2010-ല്‍ മരിക്കുന്നത് വരെ പി.ബിയിലെ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജ്യോതി ബസുവിനെ പി.ബിയിലെ പ്രത്യേക ക്ഷണിതാവായി നിയമിച്ചത് പോലെ മധുരയില്‍ പിണറായി വിജയനെ പ്രത്യേക ക്ഷണിതാവായി പി.ബിയില്‍ നിലനിറുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.