ചെന്നൈ: തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ചെന്നൈ ബസന്ത് നഗറിലുള്ള വസതിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം തുടർന്ന് ഷിഹാൻ ഹുസൈനിയുടെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർഥികൾക്കു പഠനത്തിനായി വിട്ടുനൽകും.‘ഹു’ എന്നറിയപ്പെടുന്ന ഷിഹാൻ ഹുസൈനി വളരെ നാളായി രക്താർബുദത്തോട് പോരാടുകയായിരുന്നു. തന്റെ പോരാട്ടത്തിന്റെ കഥകൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി നിരന്തരം പങ്കുവച്ചിരുന്നു. ഇതിനു വലിയ ജനശ്രദ്ധയാണ് ലഭിച്ചിരുന്നത്.
തമിഴ്നാട്ടിലെ അമ്പെയ്ത്ത് അസോസിയേഷന്റെ സ്ഥാപകനായ ഷിഹാൻ, സിനിമകളിലൂടെയാണ് ശ്രദ്ധനേടിയത്. 1986ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നനിലൂടെയാണ് ഷിഹാൻ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് രജനീകാന്തിന്റെ വേലൈക്കാരൻ (1987), ബ്ലഡ്‌സ്റ്റോൺ (1988), ബദ്രി (2001) എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. വിജയ് സേതുപതി നായകനായെത്തിയ കാത്തുവാക്കിലെ രണ്ടു കാതലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്ന്.തമിഴ്നാട് മുൻ മുഖ്യമന്ത്രിയും സിനിമ നടിയുമായ ജയലളിതയുടെ കടുത്ത ആരാധകൻ എന്ന നിലയിലും ഷിഹാൻ പ്രശസ്തനാണ്. 2015ൽ തമിഴ്നാട്ടിൽ ജയലളിത അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ സ്വയം കുരിശിലേറി ഷിഹാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ആറിഞ്ച് നീളമുള്ള ആണികളായിരുന്നു ഹുസൈനിയുടെ പാദങ്ങളിലും കൈത്തലങ്ങളിലും അടിച്ചുകയറ്റിയിരുന്നത്. 2005ൽ ജയലളിതയുടെ 56ാം ജന്മദിനത്തിൽ സ്വന്തം രക്തം കൊണ്ടു ജയലളിതയുടെ 56 ചിത്രങ്ങൾ വരച്ചും അദ്ദേഹം ശ്രദ്ധ നേടി. ഹുസൈനി തന്റെ വലതുകയ്യിലൂടെ 101 കാറുകൾ ഓടിക്കാൻ അനുവദിച്ചതും ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ, 140 ലീറ്റർ പെട്രോൾ ഒഴിച്ച് ഹുസൈനി സ്വയം തീകൊളുത്തുകയും ചെയ്തിരുന്നു. ഒരിക്കൽ മൂർഖൻ പാമ്പിന്റെ കടി അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. 1980കളിൽ, ശ്രീലങ്കൻ തീവ്രവാദിയാണെന്ന് ആരോപിച്ച് ഹുസൈനിയെ തിഹാർ ജയിലിൽ 10 ദിവസം തടവിലാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.