വയനാട് ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽനിന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പടെ അർഹരായ നിരവധി പേർ പുറത്ത്;

കൽപറ്റ: ഏഴു മാസം സമഗ്രപഠനം നടത്തിയശേഷം പുറത്തിറക്കിയെന്നു സർക്കാർ അവകാശപ്പെടുന്ന ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽനിന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളശ്രീ അവാർഡ് ജേതാവുമായ ഷൈജ ബേബി ഉൾപ്പെടെയുള്ളവർ പുറത്ത്. നോ ഗോ സോൺ ഏരിയയിലാണ് ഷൈജയുടെ വീട്. എന്നിട്ടും എന്തുകൊണ്ടാണു മൂന്നു പട്ടികയിലും ഉൾപ്പെടാതെ പോയതെന്ന് അറിയില്ലെന്ന് ഷൈജ മാധ്യമങ്ങളോട് പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ചിന്നിച്ചിതറിയ നൂറിലധികം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ഷൈജയായിരുന്നു. ഡോക്ടർമാർ ഉൾപ്പെടെ മനംമടുത്തു മടങ്ങിയപ്പോൾ ഷൈജ ആഴ്ചകളോളം തളരാതെ മോർച്ചറിയിൽനിന്നു. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സ്തുത്യർഹമായ സേവനം നടത്തിയതിനാണ് ഷൈജയെ കേരളശ്രീ അവാർഡ് നൽകി ആദരിച്ചത്. എന്നാൽ പട്ടിക വന്നപ്പോൾ താനുൾപ്പെടെ നിരവധിപ്പേർ പുറത്തായെന്ന് ഷൈജ പറഞ്ഞു.

‘‘ഇപ്പോൾ വാടകവീട്ടിലാണു താമസം. ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി നിർമിച്ചിരുന്ന വീട് ചൂരൽമല സ്കൂൾ റോഡിലാണ്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ചതിനാൽ വീണ്ടും വീട് ലഭിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ പിന്നീട് അങ്ങനെയുള്ളവർക്കും വീട് നൽകാമെന്നു തീരുമാനിച്ചു. എന്റെ വീടിന്റെ സമീപത്തുള്ളവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു തൊട്ടടുത്തായി ഞാനുൾപ്പെടെ നാലു കുടുംബങ്ങൾ പട്ടികയ്ക്കു പുറത്താണ്. സ്കൂൾ റോഡ് മുതൽ പടവെട്ടിക്കുന്ന് വരെ 41 വീടുകളാണ് പട്ടികയ്ക്കു പുറത്തായത്. എന്താണു സംഭവിച്ചതെന്ന് അറിയില്ല. പട്ടികയിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷിച്ചത്. പരാതി നൽകിയതിനെത്തുടർന്ന് കലക്ടർ വിളിപ്പിച്ചിട്ടുണ്ട്. ഗുണഭോക്തൃ പട്ടിക തയാറാക്കാൻ ഏഴുമാസം ആവശ്യമില്ലായിരുന്നു. ഒറ്റ ദിവസം കൊണ്ട് തയാറാക്കാൻ സാധിക്കും’’ – ഷൈജ പറഞ്ഞു.

2005ൽ കടബാധ്യത കാരണം ഭർത്താവ് ബേബി ആത്മഹത്യ ചെയ്തപ്പോൾ ഷൈജയെ ചേർത്തുപിടിച്ചത് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ആൾക്കാരായിരുന്നു. 2009 മുതൽ ഷൈജ ആശാ വർക്കറായി പ്രവർത്തിക്കുന്നുമുണ്ട്. ഇതിനിടെ 2015–20 കാലഘട്ടത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായി. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഓരോ കുടുംബത്തിലെയും എല്ലാ അംഗങ്ങളെയും ഷൈജയ്ക്കു കൃത്യമായി അറിയാം. ഇപ്പോൾ മേപ്പാടിയിലെ വാടകവീട്ടിലാണു താമസം. 3 പട്ടികകളിലായി 393 വീടുകളാണ് ഇതുവരെ ഉൾപ്പെടുത്തിയത്. ഒരു തരത്തിലും ജീവിക്കാൻ സാധിക്കാത്ത സ്ഥലത്തു വീടുള്ളവർ പോലും പട്ടികയിൽ ഇല്ല. തകർന്നുതരിപ്പണമായ മുണ്ടക്കൈയിൽ നോ ഗോ സോൺ ഏരിയയിൽ വീടുള്ളവർ അവിടേക്കു തിരിച്ചുപോകണമെന്നാണു സർക്കാർ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. മുണ്ടക്കൈയിലേക്ക് ആളുകൾക്കു തിരിച്ചുപോകാൻ സാധിക്കില്ലെന്ന് അറിയാമായിരുന്നിട്ടും ഈ മേഖലയിലുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല.

ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്നവരെ ആദ്യ പട്ടികയിലും വാസയോഗ്യമല്ലാത്ത സ്ഥലത്ത് (നോ ഗോ സോൺ) വീടുള്ളവരെ രണ്ടാം പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു. നോ ഗോ സോണിന്റെ പരിധിയിൽനിന്നു 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിൽ വീടുകളുള്ളവരെയാണു മൂന്നാം പട്ടികയിൽ ഉൾപ്പെടുത്തിയത്. വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീടുള്ള, വീട് തകർന്നുപോയ നിരവധിപ്പേർ പട്ടികയ്ക്കു പുറത്തായി. പുനരധിവാസത്തിന് അർഹരായ 621 പേരുടെ പട്ടിക മേപ്പാടി പഞ്ചായത്ത് സർക്കാരിനു നൽകിയിരുന്നു. എന്നാൽ സർക്കാർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇതുവരെ 393 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഒന്നാംഘട്ട പട്ടികയിൽ 242, രണ്ടാംഘട്ട പട്ടികയിൽ 81, മൂന്നാം ഘട്ട പട്ടികയിൽ 70 പേരും. ഗുണഭോക്താക്കളുടെ എണ്ണം പരമാവധി കുറച്ച് ഒറ്റ ടൗൺഷിപ്പിൽ പുനരധിവാസം ഒതുക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നതെന്നു ദുരന്തബാധിതർ നേരത്തേതന്നെ ആരോപണം ഉന്നയിച്ചിരുന്നു. കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും നെടുമ്പാലയിലെ എസ്റ്റേറ്റും ഏറ്റെടുത്തു രണ്ട് ടൗൺഷിപ്പ് നിർമിക്കുമെന്നാണു സർക്കാർ ആദ്യം അറിയിച്ചത്. പിന്നീട് കൽപറ്റയിലെ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതിയെന്നായി തീരുമാനം. പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ദുരന്തബാധിതർ പ്രതിഷേധിച്ചു.

750 കോടി രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന മാത്രമായി ലഭിച്ചിട്ടും ഈ തുക പോലും ദുരന്തബാധിതർക്കു വേണ്ടി ചെലവഴിക്കാൻ സർക്കാർ മടിക്കുകയാണെന്നാണ് യുഡിഎഫ് ആരോപണം. സർക്കാരിന്റെ നേതൃത്വത്തിലുള്ള പുനരധിവാസ പ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നതിനാൽ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളം സ്വന്തം നിലയ്ക്കു പുനരധിവാസ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !