തിരുവനന്തപുരം: കടല്‍മണല്‍ ഖനനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും പാരിസ്ഥിതിക സന്തുലനത്തെയും പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമഭേദഗതിയും തുടര്‍നടപടികളും ഉടന്‍ ഉപേക്ഷിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്.
കേരളത്തിന്റെ പരമ്പരാഗത മത്സ്യമേഖലയായ കൊല്ലം പ്രദേശത്ത് ധാതു ഖനനലേലം നടത്താനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നടപടികളെ വലിയ ആശങ്കയോടെയാണ് സംസ്ഥാനത്തെ ജനങ്ങളും സഭയും കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടല്‍ഖനനം സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടായില്ലെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപണം ഉന്നയിച്ച ഘട്ടത്തിലാണ് സഭയില്‍ മുഖ്യമന്ത്രി തന്നെ പ്രമേയം അവതരിപ്പിച്ചത്.
കേന്ദ്ര നിയമമായ ഓഫ്ഷോര്‍ ഏരിയാസ് മിനറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് റെഗുലേഷന് ആക്ട്-2002 പ്രകാരമാണ് പ്രസ്തുത മേഖലയിലെ പര്യവേഷണത്തിലും ആഴക്കടല്‍ ധാതു ഖനനത്തിലും സ്വകാര്യ പങ്കാളിത്തം അനുവദിച്ചത്. തുടര്‍ന്ന് കേന്ദ്ര ഖനി മന്ത്രാലയം ആഴക്കടല്‍ ധാതു ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിന്റെ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. കടലിലെ അമൂല്യമായ മത്സ്യസമ്പത്തിനും ജൈവവൈവിധ്യത്തിനും കനത്ത ആഘാതം ഏല്‍പ്പിക്കുന്ന നടപടിയുമായാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെയും ആശങ്കകളെയും അവഗണിച്ച് മുന്നോട്ടുപോകുന്നതെന്നു പ്രമേയം കുറ്റപ്പെടുത്തുന്നു.
ആഴക്കടലിലെ ലോല ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും ഖനനം പ്രതികൂലമായി ബാധിക്കുമെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടലിലെ മത്സ്യസമ്പത്തിനും ആഴക്കടല്‍ ജൈവവൈവിധ്യത്തിനും ഏറെ ആഘാതം ഏല്‍പ്പിക്കുന്ന ഒന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതി നടപ്പായാല്‍ ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മത്സ്യസമ്പത്തിനു പുറമെ പവിഴപ്പുറ്റുകള്‍, കടല്‍ച്ചേന, ഞണ്ടുകള്‍ എന്നിവയ്ക്കും വലിയ തോതില്‍ നാശംവരാന്‍ സാധ്യതയുണ്ട്.കടല്‍ജീവികളുടെ വംശനാശം കടലില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ധിപ്പിക്കാന്‍ ഇടയാകുമെന്നും വിദഗ്ധ നിരീക്ഷണങ്ങളുണ്ട്. ആഴക്കടല്‍ ഖനനം കടലില്‍ ചെളി പടരാനും ഇടയാകും. ഇത് മത്സ്യസമ്പത്തിനു കടുത്ത ആഘാതമേല്‍പ്പിക്കും.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടല്‍ ഖനനം അനുവദിക്കുന്നതുവഴി തന്ത്രപ്രധാന ധാതുക്കള്‍ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുന്നതിനും രാജ്യസുരക്ഷയെ വരെ ബാധിക്കുന്നതിനും ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലിലെ ആവാസവ്യവസ്ഥയെയും പരിസ്ഥിതിയെയും ഇത്രയേറെ പ്രതികൂലമായി ബാധിക്കുന്നതും രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ തന്നെ സാധ്യതയുള്ളതുമായ ഒരു പ്രവര്‍ത്തനം അനുവദിക്കുന്ന നിയമ ഭേദഗതിയാണ് കേന്ദ്രനിയമത്തില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്നത് എന്ന കാര്യം തികഞ്ഞ ആശങ്കയോടെ സഭ വീക്ഷിക്കുന്നു. രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്ന കയറ്റുമതി ഇനമാണ് മത്സ്യസമ്പത്ത്. മത്സ്യസമ്പത്തിനു വംശനാശം വരുത്തുന്ന ഏതു പ്രവര്‍ത്തനവും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്ഘടനയെ തകര്‍ക്കും. മത്സ്യസമ്പത്തിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെയും പുതിയ കേന്ദ്രനിയമം പ്രതികൂലമായി ബാധിക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.