ന്യൂഡല്‍ഹി: കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ സമരം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍. കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.കെ. ശ്രീകണ്ഠന് എന്നിവരാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.
ആശ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വേണുഗോപാല്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്ന സാഹചര്യമാണുള്ളത്.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാകണം. ആശമാര്‍ക്ക് 21,000 രൂപ പ്രതിമാസം അലവന്‍സും വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആരോഗ്യസംവിധാനത്തിലെ പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍ പറഞ്ഞു. കോവിഡ് കാലത്തും നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ആശ വര്‍ക്കമാര്‍ നടത്തി. അമിതമായ ഉത്തരവാദിത്വങ്ങള്‍ അവരുടെ ചുമലിലുണ്ട്. ദിവസം 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ടതായും വരുന്നു.
എന്നിട്ടും അവരെ വളന്റിയര്‍മാര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറച്ച് ഓണറേറിയവും ഇന്‍സെന്റീവുകളുമാണ് അവര്‍ക്ക് ലഭിക്കുന്നത്. അത് പലപ്പോഴും വൈകാറുമുണ്ടെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.കെ. ശ്രീകണ്ഠനും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.