കവന്‍ട്രി: നാലു വര്‍ഷം മുന്‍പ് ഒരു ദുഃഖ വെള്ളിയാഴ്ച പിറന്നത് യുകെ മലയാളികളെ സംബന്ധിച്ച് വേദന പങ്കുവയ്ക്കുന്ന ഒരു വാര്‍ത്തയോടെയാണ്. യുകെയില്‍ ഒട്ടേറെ സ്വപ്നങ്ങളുമായി പഠിക്കാന്‍ എത്തിയ അമല്‍ (25) എന്ന യുവാവ് കൂട്ടുകാരും ഒത്തുള്ള യാത്രയില്‍ കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒരിക്കല്‍ പോലും ആ യുവാവിനെ കണ്ടിട്ടില്ലാത്ത ഓരോ യുകെ മലയാളിയെയും കണ്ണീരിലാഴ്ത്തി.
മകന് ചെറിയ ഒരപകടം സംഭവിച്ചു എന്ന് കേട്ടതോടെ അന്ന് അമലിന്റെ പിതാവിനെ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു എന്നതടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങൾ പങ്കുവയ്ക്കുമ്പോള്‍ കരയാതെ കരയുകയായിരുന്നു യുകെ മലയാളികള്‍. കോവിഡ് സൃഷ്ടിച്ച ഇടര്‍ച്ചയില്‍ യുകെയിലെ കോടതി നടപടികള്‍ പോലും തടസപ്പെട്ട സാഹചര്യത്തില്‍ അമല്‍ മരിക്കാനിടയായ കേസും ഫയലുകള്‍ക്കിടയില്‍ ആയിപ്പോയിരുന്നു.
എന്നാല്‍ ഒന്നര വര്‍ഷം മുന്‍പ് ഈ കേസ് ഇപ്സ്വിച്ച് ക്രൗണ്‍ കോടതി വിചാരണയ്ക്ക് എടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. അമല്‍ കൊല്ലപ്പെടാന്‍ ഇടയായ കേസിലെ പ്രതി കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് നിഷാന്‍ നസ്റുദ്ധിന്‍ ബ്രിട്ടനില്‍ ഇല്ലെന്ന വിവരമാണ് പോലീസ് പങ്കുവച്ചത്.
അപകടത്തെ തുടര്‍ന്ന് അറസ്റ്റില്‍ ആയിരുന്ന നിഷനെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിളിക്കുമ്പോള്‍ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയില്‍ പോലീസ് വിട്ടയ്ക്കുക ആയിരുന്നു. എന്നാല്‍ നാട്ടില്‍ അടിയന്തിരമായി എത്തേണ്ട സാഹചര്യം ഉള്ളതിനാല്‍ യാത്രയ്ക്ക് അനുവദിക്കണം എന്ന നിഷാന്റെ അപേക്ഷ സ്വീകരിച്ച ബ്രിട്ടീഷ് പൊലീസിന് ഇപ്പോള്‍ നിഷാന്‍ എവിടെയാണ് എന്ന് കണ്ടെത്താനാകുന്നില്ല എന്ന മറുപടിയാണ് കോടതിയില്‍ നല്‍കാനായത്.
ഇതേ തുടര്‍ന്ന് 2023 ഒക്ടോബറില്‍ വിചാരണ തടസപ്പെട്ടതിനെ തുടര്‍ന്ന് കേസ് മാറ്റി വച്ച കോടതി കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പൊലീസിന് നല്‍കാനുണ്ടായ ഉത്തരം നിഷാന്‍ കാണാമറയത്ത് തന്നെയാണ് എന്നായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതി മുന്നില്‍ ഇല്ലാത്ത കേസ് ആയി മാറിയിരിക്കുകയാണ് അമല്‍ കൊല്ലപ്പെട്ട അപകടം.
ഇതോടെ മനപ്പൂര്‍വം അല്ലെങ്കിലും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് മൂലം ഒരു യുവാവ് കൊല്ലപ്പെട്ട കേസില്‍ നീതി നടപ്പാക്കുന്നതില്‍ ബ്രിട്ടനിലെ നിയമ സംവിധാനം പരാജയമായി മാറുകയാണ് എന്ന ചോദ്യവും ഉയരുകയാണ്. സമാനമായ സംഭവങ്ങളില്‍ ചെറുപ്പക്കാരായ ഒട്ടേറെ മലയാളി യുവാക്കള്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ അമലിന്റെ ആത്മാവിനു നീതി കിട്ടിയില്ലല്ലോ എന്ന സങ്കടം അവന്റെ കുടുബവും പങ്കിടുന്നു.
അമല്‍ മരിക്കാന്‍ ഇടയായ കാര്‍ ഓടിച്ചിരുന്ന നിഷാല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ഷ്യുറന്‍സ് എടുത്തിരുന്നതിനാല്‍ ഈ അപകടത്തില്‍ നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ മകന്റെ നഷ്ടത്തിന് ഒപ്പം സ്വാഭാവികമായും മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ടിരുന്ന നഷ്ടപരിഹാര തുകയും കുടുംബത്തിന് ഇല്ലാതായി.
മകന്റെ പഠനത്തിനായി ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പ എടുത്ത കുടുംബം ഇപ്പോള്‍ വീട് ജപ്തി ചെയ്യപ്പെടും എന്ന സാഹചര്യം വന്നതോടെ പ്രായത്തിന്റെ അവശതകള്‍ മറന്നു വീണ്ടും മുഴുവന്‍ സമയ ജോലിയ്ക്ക് നിര്‍ബന്ധിതനായിരിക്കുകയാണ് അമലിന്റെ പിതാവ്. ഇത്തരത്തില്‍ തിരിച്ചടികള്‍ ഒന്നിന് പിന്നാലെ ഒന്നായി കണ്മുന്നില് കാണേണ്ടി വന്ന ജീവിത നൈരാശ്യം കൂടിയാണ് വാര്‍ധക്യത്തില്‍ തങ്ങള്‍ക്ക് തുണയാകും എന്ന് കരുതിയിരുന്ന മകന് ഇല്ലാതായതോടെ അമലിന്റെ മാതാപിക്കള്‍ക്ക് ഇപ്പോള്‍ പങ്കിടാനുള്ളത്.
യുകെയില്‍ എത്തി സാധാരണ മലയാളികള്‍ ചെയ്യുന്നത് പോലെ ഡ്രൈവിംഗ് പഠിക്കാന്‍ ആവശ്യമായ പ്രൊവിഷണല്‍ ലൈസസന്‍സ് ഉപയോഗിച്ച് ഇന്‍ഷുറന്‍സ് സ്വന്തമാക്കുക ആയിരുന്നു. എന്നാല്‍ അപകടം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനി നിഷാന്റെ ലൈസന്‍സ് ബ്രിട്ടനില്‍ വാഹനം ഓടിക്കാന്‍ ഉപയുക്തമല്ല എന്ന് കണ്ടെത്തുന്നത്.
അപകടം സംഭവിക്കുമ്പോള്‍ പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന അമല്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്നും വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുഹൃത്തുക്കള്‍ ഒന്നിച്ചു കൂടിയ രാത്രിയ്ക്ക് ശേഷം ആവശ്യമായ വിശ്രമം ഇല്ലാതെ ലണ്ടനില്‍ നിന്നും അര്‍ധരാത്രി പിന്നിട്ടപ്പോള്‍ നോര്വിച്ചിലേക്കുള്ള ദീര്‍ഘ യാത്രയില്‍ കാറില്‍ ഉള്ളവര്‍ ഉറങ്ങിയിരിക്കാം എന്ന സാഹചര്യമാണ് അപകടത്തിന് കാരണമായത് എന്ന് വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ റോഡില്‍ ഒരു മൃഗം കുറുകെ ചാടിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി എന്നാണ് നിഷാന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. പക്ഷെ നിഷാന്‍ ഓടിച്ച കാര്‍ കൂട്ടിയിടിച്ച ട്രക്ക് ഡ്രൈവര്‍ ഇങ്ങനെ ഒരു മൃഗത്തിന്റെ സാന്നിധ്യം വെളിപ്പെടുത്തിയിട്ടുമില്ല. ഒരേ ദിശയില്‍ സഞ്ചരിക്കുക ആയിരുന്നു ഇരു വാഹനങ്ങളും. ട്രക്കിനെ മറികടന്നു പോകാനുള്ള നിഷാന്റെ ശ്രമം പഴക്കം ചെന്ന ടൊയോട്ട കൊറോള വേഴ്സാ കാറിനു സാധിച്ചിരിക്കില്ല എന്നും വിലയിരുത്തപ്പെടുന്നു.
ഉറക്കത്തിന്റെ സാധ്യതയില്‍ നിഷാന്റെ തീരുമാനം പിഴച്ചിരിക്കാനും സാധ്യത ഏറെയാണ്. അപകടത്തില്‍ വട്ടം കറങ്ങി തലകീഴായി മറിഞ്ഞ കാര്‍ ഒടുവില്‍ റോഡിനു നടുവില്‍ ഉള്ള മീഡിയനില്‍ എത്തിയ നിലയിലാണ് കാണപ്പെട്ടത്. എ 14 റോഡില്‍ പുലര്‍ച്ചെ 4.50നാണ് അപകടം സംഭവിക്കുന്നത്. അപകടത്തെ തുടര്‍ന്ന് അമല്‍ കാറില്‍ നിന്നും തെറിച്ചു പുറത്തേക്ക് പോയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തില്‍ തലയിടിച്ചു വീണതാണ് അമലിന്റെ മരണത്തിനു കാരണമായത്.
ഇതോടെ നീതിയുടെ കണ്ണില്‍ നിന്നും മനപ്പൂര്‍വം രക്ഷപെടാന്‍ നടത്തിയ ശ്രമത്തിനു ബ്രിട്ടനിലെ നിയമപ്രകാരം നിഷാന്‍ കൂടുതല്‍ കാലം ശിക്ഷ ലഭിക്കാനും സാധ്യത ഏറെയായിരുന്നു. സമാനമായ സാഹചര്യങ്ങളില്‍ ഇങ്ങനെ ശിക്ഷിക്കപ്പെട്ട മലയാളികള്‍ ഏറെയാണ്.
ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഉപയോഗിച്ച ശേഷം അപകടം ഉണ്ടായപ്പോള്‍ കോള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്തുവെന്ന കാരണത്തിന് മാത്രം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന മലയാളികളും യുകെയില്‍ ഉണ്ട്. നിയമത്തിന്റെ കണ്ണ് വെട്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ആ കേസില്‍ കോടതി ശിക്ഷ നല്‍കിയത്. അമല്‍ കൊല്ലപ്പെട്ട കേസിലും അശ്രദ്ധയോടുള്ള ഡ്രൈവിംഗ് എന്ന കുറ്റമാണ് പോലീസിന്റെ കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേസിന്റെ വിചാരണ തുടരാനുള്ള തീരുമാനമാണ് കോടതി എടുത്തിരിക്കുന്നതെങ്കിലും നിഷാന്‍ യുകെയില്‍ ഇല്ലാത്തതിനാല്‍ കേസ് വിധി പുറപ്പെടുവിക്കാതെ അവസാനിപ്പിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.