ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ചാമ്പ്യന്മാരായി ഇന്ത്യ. മറുപടിക്കിറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 250 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.
ആവേശകരമായ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ 4 വിക്കറ്റിനാണ് രോഹിത്തും സംഘവും തോല്‍പ്പിച്ചത്. ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ കിരീടത്തിലേക്ക് എത്തിയത്.
ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 252 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. ഇന്ത്യയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. രോഹിത് ആക്രമിച്ചപ്പോള്‍ മറുവശത്ത് നിലയുറപ്പിച്ചായിരുന്നു ഗില്‍ കളിച്ചത്. ടീം സ്‌കോര്‍ 105 റണ്‍സില്‍ നില്‍ക്കെ 19-ാം ഓവറിലാണ് ഗില്ലിെന വീഴ്‌ത്തിക്കൊണ്ട് കിവീസ് ബ്രേക്ക് ത്രൂ കണ്ടെത്തുന്നത്. 50 പന്തില്‍ 31 റണ്‍സെടുത്ത ഗില്ലിനെ മിച്ചല്‍ സാന്‍റ്‌നറുടെ പന്തില്‍ ഗ്ലെൻ ഫിലിപ്സ് പറന്ന് പിടിക്കുകയായിരുന്നു.
നേരിട്ട രണ്ടാം പന്തില്‍ വിരാട് കോലി (1) വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മൈക്കല്‍ ബ്രേസ്‍വെല്ലിനാണ് വിക്കറ്റ്. പിന്നാലെ തന്നെ രോഹിത്തിനെ വീഴ്‌ത്താന്‍ കിവീസിന് കഴിഞ്ഞു. ക്യാപ്റ്റന്‍റെ സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ നല്‍കിയ താരം അനാവാശ്യ ഷോട്ടിന് മുതിര്‍ന്നാണ് വിക്കറ്റ് കളഞ്ഞത്.
രചിന്‍ രവീന്ദ്ര ആക്രമിക്കാന്‍ ക്രീസ് വിട്ട ഇറങ്ങിയ രോഹത്തിന് പിഴച്ചതോടെ പന്ത് പിടിച്ചെടുത്ത വിക്കറ്റ് കീപ്പര്‍ ടോം ലാഥം സ്റ്റംപ് ചെയ്യുകയായിരുന്നു. 83 പന്തുകളില്‍ 76 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതമാണ് താരത്തിന്‍റെ പ്രകടനം.
തുടര്‍ന്ന് ഒന്നിച്ച ശ്രേസയ്- അക്‌സര്‍ പട്ടേല്‍ സഖ്യം 61 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. കിവീസ് സ്‌പിന്നര്‍മാരെ മികച്ച രീതിയിലാണ് ഇരുവരും നേരിട്ടത്. ഒടുവില്‍ ശ്രേയസിനെ (62 പന്തില്‍ 48) രചിന്‍റെ കയ്യിലെത്തിച്ച് മിച്ചല്‍ സാന്‍റ്‌നറാണ് കിവീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ അക്‌സറിനേയും (40 പന്തില്‍ 29) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
മൈക്കല്‍ ബ്രേസ്‍വെല്ലിനെ ആക്രമിക്കാനുള്ള അക്‌സറിന്‍റെ ശ്രമം വില്യം ഓറൂര്‍ക്കിന്‍റെ കയ്യില്‍ ഒതുങ്ങി. പിന്നീട് കെഎല്‍ രാഹുല്‍- ഹാര്‍ദിക് പാണ്ഡ്യ സഖ്യം 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജയത്തിനരികെ ഹാര്‍ദിക് (18 പന്തില്‍ 18) മടക്കിയെങ്കിലും കെഎല്‍ രാഹുലും (33 പന്തില്‍ 34*) രവീന്ദ്ര ജഡേജയും (9 പന്തില്‍ 9*) ചേര്‍ന്ന് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.
നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കിവീസ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 251 റൺസ് നേടിയത്. അർധ സെഞ്ചുറി നേടിയ ഡാരിൽ മിച്ചലാണ് ടോപ് സ്‌കോറര്‍. 101 പന്തിൽ 63 റൺസാണ് താരം നേടിയത്. കിവീസ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയതില്‍ അവസാന ഓവറുകളിൽ പൊരുതിക്കളിച്ച മിച്ചൽ ബ്രേസ്‌വെല്ലിന്‍റെ ഇന്നിങ്സും നിര്‍ണായകമായി. 40 പന്തിൽ പുറത്താവാതെ 53 റൺസാണ് താരം നേടിയത്.
𝗖. 𝗛. 𝗔. 𝗠. 𝗣. 𝗜. 𝗢. 𝗡. 𝗦! 🇮🇳🏆 🏆 🏆
— BCCI (@BCCI) March 9, 2025
The Rohit Sharma-led #TeamIndia are ICC #ChampionsTrophy 2025 𝙒𝙄𝙉𝙉𝙀𝙍𝙎 👏 👏
Take A Bow! 🙌 🙌#INDvNZ | #Final | @ImRo45 pic.twitter.com/ey2llSOYdG
രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34) വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസണ്‍ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാന്‍റ്‌നർ (10 പന്തിൽ 8) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.