യുകെ: അനേകം മലയാളികള്‍ വീണ കെയര്‍ വിസ ചതിക്കുഴിയില്‍ വീണ ആലപ്പുഴക്കാരി ആലീസും കുടുംബവും ഇന്ന് തിരികെ കണ്ണീരോടെ നാട്ടിലേക്ക്. കെയര്‍ ഹോം വിസയില്‍ യുകെയില്‍ സ്വപ്ന സുന്ദര ജീവിതം നയിക്കാം എന്ന വാഗ്ദാനം നല്കിയ ഏജന്റ് വിജീഷ് എന്ന യുവാവ് ഇപ്പോള്‍ ഫോണ്‍ പോലും ഉപേക്ഷിച്ചു മുങ്ങി എന്നാണ് ആലീസ് പറയുന്നത്.
യുകെയില്‍ എത്താനായി ഇയാള്‍ക്ക് നല്കിയ 13 ലക്ഷം രൂപയും വെള്ളത്തിലായി, യുകെയില്‍ എത്താനായി നാലംഗ കുടുംബം ചിലവിട്ട ലക്ഷകണക്കിന് രൂപയും ആര്‍ക്കും പ്രയോജനമില്ലാത്ത നിലയില്‍ പോയതോടെ തിരികെ നാട്ടില്‍ എത്തുമ്പോള്‍ ഈ കുടുംബത്തെ കാത്തിരിക്കുന്നത് വമ്പന്‍ കട ബാധ്യതയും. ഇതോടൊപ്പം നാട് കടത്തലിനു ഇരയായതോടെ സാധാരണ നിലയില്‍ സംഭവിക്കുന്നത് പോലെ പത്തു വര്‍ഷത്തേക്ക് വിദേശ യാത്രയും സാധ്യമല്ലാതാകും.അതിനിടെ കണ്ണീരുമായി ആലീസ് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇടപെടാന്‍ തയാറായ പൊതു പ്രവര്‍ത്തകരുടെ ശ്രമ ഫലമായി ഇന്നലെ വൈകുന്നേരത്തോടെ 3500 പൗണ്ട് ആലീസിന്റെ ഭര്‍ത്താവ് ബിജുവിന്റെ അക്കൗണ്ടില്‍ എത്തി എന്നാണ് അറിയാനാകുന്നത്. ബിജുവിന്റെ സ്വകാര്യ അകൗണ്ട് നമ്പര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാണ് ധനസമാഹരണം നടക്കുന്നത്. ആലപ്പുഴയിലെ മല്‍സ്യ തൊഴിലാളി കുടുംബത്തില്‍ നിന്നുമാണ് ആലീസും ബിജുവും യുകെയില്‍ എത്തുന്നത്.
തിരികെ നാട്ടില്‍ എത്തിയാല്‍ ജീവിക്കാന്‍ ഒരു വഴിയും ഇല്ലെന്നു ഇവര്‍ വ്യക്തമാക്കിയതോടെയാണ് സങ്കടം കണ്ടു മനസിലിഞ്ഞവര് സഹായ സന്നദ്ധതയും ആയി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് ഹീത്രോ എയര്‍ പോര്‍ട്ടില്‍ നിന്നും ഇവരെ നാട് കടത്താന്‍ ഉള്ള നടപടിക്രമങ്ങള്‍ ഹോം ഓഫിസ് പൂര്‍ത്തിയാക്കിയതാണ് അറിയാനാകുന്നത്. യുകെയില്‍ ഏതാനും മാസങ്ങള്‍ മാത്രം ജീവിക്കാന്‍ സാധിച്ച ആലീസും ഭര്‍ത്താവും രണ്ടു കുട്ടികളും ഇപ്പോള്‍ വെറും കയ്യോടെ മടങ്ങുമ്പോള്‍ ഈ സാഹചര്യത്തെ ഇപ്പോള്‍ യുകെയില്‍ കാത്തിരിക്കുന്നത് അനേകായിരം മലയാളികളാണ്.
ഇപ്പോള്‍ റെയ്ഡ് നടക്കുന്ന അനേകം കെയര്‍ ഹോമുകളില്‍ ജോലി ചെയുന്ന ആയിരക്കണക്കിന് മലയാളി കെയറര്‍മാര്‍ എപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ നോട്ടീസ് ലഭിക്കും എന്ന കാത്തിരിപ്പിലാണ്. റെയ്ഡിനെ തുടര്‍ന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കെയര്‍ ഹോം കമ്പനികള്‍ക്ക് സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് നഷ്ടമാകുന്നതോടെ ആ കമ്പനിയുടെ കീഴില്‍ ജോലി ചെയുന്ന ഒരാള്‍ക്കും വിസ പുതുക്കി ലഭിക്കില്ല.
ഇതോടെ ഇപ്പോള്‍ ജോലി ചെയ്യുന്ന വിസയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇവരൊക്കെ നാട്ടിലേക്ക് മടങ്ങണം. വിസയ്ക്കായി പത്തു മുതല്‍ പതിനഞ്ചു ലക്ഷം വരെ വാങ്ങിയ എജന്റുമാര്‍ വിസ കാലാവധി പുതുക്കി നല്‍കാമെന്ന് തങ്ങള്‍ ഉറപ്പു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് ഇങ്ങനെ മടങ്ങേണ്ടി വരുന്നവരെ കാത്തിരിക്കുന്നത്.
അടുത്തിടെ ക്രോയ്ഡോണിലേ ഒരു കെയര്‍ ഹോം ഗ്രൂപ്പില്‍ രണ്ടു മലയാളി ജീവനക്കാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഹോം ഓഫിസ് നടത്തിയ റെയ്ഡില്‍ ഈ കെയര്‍ ഹോം ഗ്രൂപ്പിന്റെ ലൈസന്‍സ് നഷ്ടമാകും എന്ന വിവരമാണ് ലഭിക്കുന്നത്. ഇവിടെ രണ്ടു ഡസനോളം മലയാളികളാണ് ജോലി ചെയുന്നത്. വിസ കച്ചവട രംഗത്തെ കുപ്രസിദ്ധനായ ക്രോയ്ടോന്‍ മലയാളി ഏതാനും മാസം മുന്‍പ് പോലും 14 ലക്ഷം രൂപ വീതം വാങ്ങിയാണ് ഈ കെയര്‍ ഹോമില്‍ മലയാളികള്‍ക്ക് ജോലി നല്‍കിയത്. യുകെയില്‍ എത്തി വിസ നഷ്ടമായി നിന്നവരെ ടാര്‍ജറ്റ് ചെയ്തു നടത്തുന്ന ഇത്തരം കച്ചവടത്തില്‍ വിസ ലഭിക്കാന്‍ ചോദിക്കുന്ന പണം നല്കാന് തയാറാണ് മലയാളി യുവതീ യുവാക്കള്‍.
എന്നാല്‍ ഹോം ഓഫിസ് നാടുനീളെ നടത്തുന്ന റെയ്ഡുകളോ ഇത്തരം കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 600 ഓളം പുതിയ ജീവനക്കാരെ കൂടി ഹോം ഓഫിസ് നിയമിച്ച കാര്യം പോലും ഇങ്ങനെ പണം നല്കുന്നവര് അറിയുന്നില്ല. വിസ കയ്യില്‍ കിട്ടിയാല്‍ സുരക്ഷിതമായി എന്ന ചിന്തയിലാണ് ഇവരൊക്കെ പണം വലിച്ചെറിയുന്നത്.
തനിക്ക് വിസ ലഭിക്കുന്ന സ്ഥാപനത്തില്‍ പതിവില്‍ കൂടുതല്‍ കുടിയേറ്റ ജീവനക്കാര്‍ ഉണ്ടെങ്കില്‍ ഏതു നിമിഷവും ഹോം ഓഫിസ് റെയ്ഡ് നടക്കും എന്നതും അതെ തുടര്‍ന്ന് തനിക്ക് ലഭിച്ച വിസയും വിലയില്ലാത്തതു ആയി മാറുമെന്നും തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധി താത്കാലിക രക്ഷ നോക്കി വിസയ്ക്കായി പണം വലിച്ചെറിയുന്നവര്‍ ഉപയോഗിക്കുന്നുമില്ല. ഇത്തരം വിസ കച്ചവടക്കാരെ കുറിച്ച് നല്ല വാക്ക് പാടി നടക്കാനും ശിങ്കിടികള്‍ ഉള്ളതും അവരും വിസ തേടി നടക്കുന്നവര്‍ക്ക് പ്രധാന ഏജന്റിനായി വക്കാലത്തിനു ഒപ്പം എത്തുകയും ചെയ്യുന്നതോടെ വിസ തേടി നടക്കുന്നവര്‍ ചക്കപ്പഴം കണ്ടെത്തുന്ന ഈച്ച അരക്കില്‍ ഒട്ടിയതിനു സമാനമായ അവസ്ഥയിലേക്ക് എത്തിപ്പെടുകയാണ്.
കെയര്‍ വിസ ചോദിച്ചവര്‍ക്കൊക്കെ സ്പോണ്സര് ഷിപ് നല്കിയ ഹോം ഓഫിസ് ഇപ്പോള്‍ അത്തരക്കാരെ ഏതു വിധേനെയും പറഞ്ഞയക്കാനുള്ള ഒരുക്കത്തില്‍ തന്നെയാണ്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ഏതാനും ആഴ്ചകളായി സജീവമായി നടക്കുന്ന റെയ്ഡുകളില് ആയിരകണക്കിന് ആളുകളാണ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് 4000 പേരാണ് അറസ്റ്റില്‍ ആയതെന്നു ഹോം ഓഫിസ് പറയുന്നത്.
ഇവരില്‍ നല്ല പങ്കും വരും ദിവസങ്ങളില്‍ വന്നിടത്തേക്ക് തന്നെ മടങ്ങും. പാസ്പോര്‍ട്ട് ഉള്ളവര്‍ക്കെല്ലാം യാത്ര നിരോധനം ഏര്‍പ്പെടുത്തിയ സ്റ്റാമ്പ് പതിച്ച പാസ്പോര്‍ട്ടുമായാണ് മടങ്ങേണ്ടി വരിക. സാധാരണ നിലയില്‍ ഇവര്‍ക്ക് പത്തു വര്‍ഷത്തേക്ക് മറ്റു രാജ്യങ്ങളിലേക്ക് വിസ ലഭിക്കില്ലന്നും ബന്ധപ്പെട്ടവർ വിവരം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.