തുറന്ന് പറച്ചിലുകൾ അബദ്ധമായി.' സിനിമയിൽ അവസരങ്ങൾ കുറഞ്ഞെന്ന് സമ്മതിച്ച് പാർവതി തിരുവോത്ത്

സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചിലർക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല. അങ്ങനെ മനഃപൂർവം ഒഴിവാക്കുന്നവർക്കൊപ്പം ജോലി ചെയ്യാൻ താനും ഇഷ്ടപ്പെടുന്നില്ല. സ്വമേധയാ സിനിമ വേണ്ടെന്നു വച്ചു പോകുന്നതു വരെ അഭിനയം തുടരും.

അവസരങ്ങൾ നഷ്ടപ്പെടുത്തിയതു മൂലം സ്വന്തമായി ജോലി കണ്ടെത്താൻ സ്വയംപര്യാപ്തയായെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ദ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ.  പാർവതിയുടെ വാക്കുകൾ: എനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഞാനിതു പല തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതാണ് സത്യം. ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിക്കിടുക എന്നതാണ്. അവസരങ്ങൾ ലഭിക്കാതെ ഞാൻ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക? എന്റെ കരിയറിനെക്കുറിച്ച് എന്നേക്കാൾ നന്നായി അറിയുന്നവരുണ്ട്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. 

അത് ഞാൻ സിലക്ടീവ് ആയതുകൊണ്ടല്ല സംഭവിച്ചത്. ടേക്ക് ഓഫ്, എന്നു നിന്റെ മൊയ്തീൻ, ഉയരെ, ചാർളി തുടങ്ങിയ സിനിമകളൊക്കെ വാണിജ്യപരമായി വിജയിച്ച സിനിമകളാണ്. അതിനു ശേഷം ഞാൻ ചെയ്ത മലയാളം സിനിമകളുടെ എണ്ണം നോക്കിയാൽ നിങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകും.തീർച്ചയായും തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ, മലയാളത്തിൽ എനിക്കു കിട്ടേണ്ട അത്രയും സിനിമകൾ കിട്ടിയില്ല. എനിക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടുന്ന താരങ്ങളെ നോക്കൂ! ചില ആളുകൾക്കൊപ്പം ഞാൻ കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല.


അത്തരം അവസരങ്ങൾ തീർച്ചയായും നഷ്ടപ്പെടും. പകൽ പോലെ വ്യക്തമാണ് ആ കാര്യങ്ങൾ. സൂപ്പർതാരങ്ങൾ മാത്രമല്ല ചില സങ്കേതികപ്രവർത്തകരും ഉണ്ട്. അത് അവരുടെ ക്രിയാത്മക തിരഞ്ഞെടുപ്പ് ആയിരിക്കാം. ഇവിടെ ഞാൻ മാത്രമല്ലല്ലോ അഭിനേതാവായിട്ടുള്ളത്. മറ്റു പലരും ആ റോളിന് അനുയോജ്യരാകാം. ഇപ്പോൾ അത്തരം കാര്യങ്ങളൊന്നും അങ്ങനെ എന്നെ ബാധിക്കാറില്ല. നിങ്ങൾ ഒരാളെ വിശപ്പിലേക്ക് തള്ളിയിടുകയാണെങ്കിൽ അവർ സ്വയം ഭക്ഷണം കണ്ടെത്താനുള്ള വഴി നോക്കും. 

അതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. എനിക്ക് അവസരങ്ങൾ നിഷേധിച്ചപ്പോൾ സ്വന്തമായി ജോലി കണ്ടെത്താൻ ഞാൻ സ്വയംപര്യാപ്തയായി. അവസരങ്ങൾ നിഷേധിച്ചാൽ ഞാൻ നിശബ്ദയാകുമെന്നു കരുതിയെങ്കിൽ തെറ്റി. അതെന്നെ കരുത്തയാക്കി. മുൻപായിരുന്നെങ്കിൽ ഞാൻ വൈകാരികമായി പ്രതികരിക്കുമായിരുന്നു. പക്ഷേ, എന്തോ ഭാഗ്യം കൊണ്ട് എനിക്ക് ഇൻഡസ്ട്രിയിലെ ആരുമായും അത്രയും അടുത്ത ബന്ധമില്ല. ചിലരുടെ വർക്കുകൾ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എനിക്ക് നിങ്ങൾ ഒരു സിനിമ തന്നേ തീരൂ എന്ന് പറയാറില്ല. എനിക്ക് ബഹുമാനം നൽകിയാൽ മതി. എന്റെ കൂടെ കാണപ്പെടുക എന്നത് ഇപ്പോൾ ഒരു സ്റ്റേറ്റ്മെന്റ് ആയി മാറി. അതുകൊണ്ട്, പലരും അതൊഴിവാക്കാനാണ് ശ്രമിക്കുന്നത്.

കലക്ടീവ് രൂപീകരിക്കുന്നതു വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെ പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകൾ! കലക്ടീവ് രൂപീകരിക്കപ്പെട്ടു, വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല. ഏഴെട്ടു വർഷം ഇങ്ങനെ തുടർന്നപ്പോൾ അതിൽ നിന്നും ഞാൻ കുറെ പഠിച്ചു. ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കാറില്ല. അതിനു വേണ്ടി ഊർജം കളയേണ്ട ആവശ്യവും വരുന്നില്ല. എന്റെ മുഴുവൻ ഊർജവും ഇപ്പോൾ ജോലി ചെയ്യുന്ന ഇടം എങ്ങനെ മികച്ചതാക്കാം, എങ്ങനെ നല്ല സൗഹൃദം സൃഷ്ടിക്കാം, എങ്ങനെ കലക്ടീവിൽ നന്നായി ഇടപെടാം, എങ്ങനെ മികച്ച ജീവിതം സാധ്യമാക്കാം, എങ്ങനെ എന്റേതായ വർക്ക് സൃഷ്ടിക്കാം എന്നതിലാണ് വിനിയോഗിക്കപ്പെടുന്നത്. 

ഒരു തരത്തിൽ എന്റെ ശ്രദ്ധ തിരിക്കുന്ന യാതൊന്നും ഇപ്പോഴില്ല എന്നു പറയാം. എന്റെ ഫോകസ് മെച്ചപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. എനിക്ക് അതു പറയാനുള്ള പ്രിവിലേജ് ഉണ്ട്. അതു അടിവരയിട്ട് പറയാതിരിക്കാൻ കഴിയില്ല. എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റിയത് ഒരു കാലം വരെ കുറച്ചു സിനിമകൾ ചെയ്ത്, കുറച്ചു പൈസ ഉണ്ടാക്കിയതുകൊണ്ടാണ്. അത് എല്ലാക്കാലവും നിലനിൽക്കില്ല. അതുകൊണ്ട് ഞാൻ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടി ഇരിക്കുന്നു.   

17 വയസ്സിൽ അഭിനയിച്ചു തുടങ്ങിയ വ്യക്തിയാണ് ഞാൻ. അഭിനയം തന്നെയാണോ ഞാൻ ചെയ്യേണ്ടത് എന്ന് ആലോചിക്കാനുള്ള സമയമൊന്നും അന്ന് ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് അതിനുള്ള സമയം കിട്ടുന്നത്. ഓരോ സിനിമയും വരുമ്പോൾ, എനിക്കിതു ചെയ്യാൻ പറ്റുന്നുണ്ടല്ലോ, ആളുകൾക്ക് ഇഷ്ടമാകുന്നുണ്ടല്ലോ എന്ന ആശ്വാസമാണ് എനിക്ക്. അതിപ്പോൾ നന്നായി തിരിച്ചറിയാൻ കഴിയുന്നുണ്ട്. ആക്ടർ ആകണോ ആക്ടിവിസ്റ്റ് ആകണോ എന്ന് എന്നോടു ചോദിച്ചാൽ, ആക്ടർ ആകണോ മനുഷ്യനാകണോ എന്ന് ചോദിക്കുന്ന പോലെയാണ്. 

മുൻപും ഞാൻ വർഷത്തിൽ രണ്ടു സിനിമകളെ ചെയ്തിരുന്നുള്ളൂ. പക്ഷേ, കൂടുതൽ അവസരങ്ങൾ വരുന്നുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവസരങ്ങൾ കുറഞ്ഞു. സാങ്കേതികമായി പറഞ്ഞാൽ, ചെയ്യുന്ന സിനിമകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്നു പറയാം. എന്നെ മനഃപൂർവം ഒഴിവാക്കുന്ന ഗ്രൂപ്പിന്റെ ഒപ്പം സിനിമ ചെയ്യാൻ എനിക്കും താൽപര്യമില്ല. ഞാൻ സ്വമേധയാ സിനിമ വേണ്ടെന്നു വച്ചു പോകുന്നതു വരെ അഭിനയം തുടരും. 

അവസരം നഷ്ടപ്പെടുന്നത് എനിക്കു മാത്രമല്ല. എന്റെ കാര്യത്തിൽ അതു കുറച്ചൂടെ പ്രകടമാണെന്നു മാത്രം. ഞാൻ ഫീൽഡ് ഔട്ട് ആയെന്നൊക്കെ ചിലർ പറഞ്ഞേക്കാം. സാരമില്ല. ഇത് എന്റെ ഫീൽഡ് ആണല്ലോ. എനിക്കു വേണ്ടപ്പോൾ തിരിച്ചു വരാമല്ലോ. പക്ഷേ, ഇതു പറയാൻ പറ്റാത്ത എത്രയോ പേരുണ്ട്. മറ്റു ജോലികൾ അവർക്കു തിരഞ്ഞെടുക്കേണ്ടി വരുന്നു. ജീവിക്കാനായി ഓഫിസ് ജോലികൾ തിരഞ്ഞെടുത്തവരുണ്ട്. അതാണ് എന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കുന്നത്. 

എന്റെ അവസരം നഷ്ടപ്പെടുന്നതിനേക്കാൾ പ്രശ്നം എനിക്കു തോന്നുന്നത് അതിലാണ്. ഒരു കോൺട്രാക്ട് ചോദിച്ചതിന്റെ പേരിൽ അല്ലെങ്കിൽ എന്നെ ഉപദ്രവിക്കാൻ പറ്റില്ല എന്നു പറഞ്ഞതിന്റെ പേരിൽ അഭിനയിക്കാനുള്ള അവസരം നിഷേധിച്ചതുകൊണ്ട് ജീവിക്കാൻ ഓഫിസ് ജോലിക്കു പോകേണ്ടി വരുന്ന ഒരു ആക്ടർ! അതാണ് എന്നെ ദേഷ്യം പിടിപ്പിക്കുന്നത്, പാർവതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !