കൊല്ലം: പഴയ ദേശീയപാത 744ന്റെ ഭാഗമായ കൊല്ലം ചിന്നക്കട മുതൽ കൊട്ടാരക്കര വഴി ഇടമൺ വരെയുള്ള ഭാഗം ദേശീയപാതയുടെ ഭാഗമായി നിലനിർത്തുമെന്ന് കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് നിതിൻ ഗഡ്കരി ഉറപ്പു നൽകിയത്.
ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമായി ഇടമൺ മുതൽ കടമ്പാട്ടുകോണം വരെയുള്ള പുതിയ പാതയുടെ നിർമാണത്തിന് കഴിഞ്ഞദിവസം ഡൽഹിയിൽ കൂടിയ ദേശീയപാത അധികൃതരുടെ യോഗത്തിൽ തീരുമാനമായിരുന്നു. പുതിയ പാത വരുന്നതിനാൽ നിലവിലുള്ള ദേശീയപാതയായ കൊല്ലം ചിന്നക്കട മുതൽ കൊട്ടാരക്കര വഴി ഇടമൺ വരെയുള്ള ഭാഗം സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാനായിരുന്നു തീരുമാനം.
എന്നാൽ തുടർന്നുള്ള റോഡ് വികസനത്തിന് വൻ തുക ചെലവാകും എന്നതിനാൽ അത്തരമൊരു നീക്കം പ്രായോഗികമല്ലെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അഭിപ്രായപ്പെട്ടതായി എംപി അറിയിച്ചു.ചിന്നക്കടയിൽനിന്ന് ആരംഭിക്കുന്ന പാതയിൽ തിരക്ക് കുറയ്ക്കുന്നതിനായി ജങ്ഷൻ വികസനവും കൊട്ടാരക്കര, കുന്നിക്കോട് എന്നിവിടങ്ങളിൽ ബൈപ്പാസ്, ആവശ്യമായ സ്ഥലങ്ങളിൽ അടിപ്പാതയും ഫ്ലൈ ഓവറുകളും വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഗഡ്കരിയോട് ആവശ്യപ്പെട്ടു.
ഉന്നയിച്ച ആവശ്യം ന്യായമാണെന്ന് മന്ത്രിക്ക് ബോധ്യപ്പെട്ടതായും എംപി അറിയിച്ചു.അടിയന്തരമായി ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരുമായി ആവശ്യം ചർച്ച ചെയ്ത് ചിന്നക്കട മുതൽ കൊട്ടാരക്കര വഴി ഇടമൺ വരെയുള്ള ഭാഗം 24 മീറ്ററിൽ നാലുവരിയായി നിർമിക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ തുടങ്ങാനും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് പാത കൈമാറാനുള്ള തീരുമാനം റദ്ദാക്കണമെന്നും നിർദേശിച്ചു.
കൊല്ലം ചിന്നക്കട മുതൽ കൊട്ടാരക്കര വഴി ഇടമൺ വരെയുള്ള ഭാഗത്തെ പാതാ വികസനത്തിന് പണം തടസ്സമാകില്ലെന്നും വിഷയത്തിൽ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.