ബെംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലിനും അസിസ്റ്റൻ്റ് പ്രൊഫസർക്കും സസ്‌പെൻഷൻ.
പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റൻ്റ് പ്രൊഫസർ സുജിതയെയുമാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെൻ്റിൻ്റെ നടപടി.
കണ്ണൂർ മുഴുപ്പിലങ്ങാട് ഗോകുലത്തിൽ വിനീതിൻ്റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട കോളേജ് അധികൃതരുടെ പീഡനം കാരണം അനാമിക മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു.
അനാമിക മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുൾപ്പെടെ ചോദിച്ചു ഇവിടെ നിന്നാൽ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്.
അതേസമയം അനാമിക എഴുതിയ ആത്മഹത്യാ കുറിപ്പുകളിൽ ഒന്ന് കാണാനില്ലെന്നാണ് സഹപാഠികളുടെ ആരോപണം. രണ്ട് ആത്മഹത്യാ കുറിപ്പുകൾ അനാമിക എഴുതിയിരുന്നു. ഒന്ന് കുടുംബത്തെ കുറിച്ചും മറ്റൊന്ന് കോളേജ് മാനേജ്മെൻ്റിനെ കുറിച്ചും ആയിരുന്നു. ഇതിൽ മാനേജ്മെൻ്റിനെ കുറിച്ച് എഴുതിയ കത്താണ് കാണാതായിരിക്കുന്നതെന്നും സഹപാഠികൾ പറഞ്ഞിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ആരോപണങ്ങൾ മാനേജ്മെൻ്റ് പൂർണ്ണമായും തള്ളി. പരീക്ഷയിൽ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് അനാമികയ്ക്കെതിരെ സ്വീകരിച്ചതെന്നായിരുന്നു കോളേജ് അധികൃതരുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.