തിരുവനന്തപുരം: നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു മടങ്ങിവരവായിരുന്നില്ല ആ പിതാവ് ആഗ്രഹിച്ചത്. തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെ പോയതിന്റെ വേദന ആ കണ്ണുകളിലുണ്ടായിരുന്നു.
എല്ലാത്തിനുമുപരി പ്രിയപ്പെട്ടവരുടെ ജീവനെടുത്തത് സ്വന്തം മകനെന്ന വേദനയും റഹീമിനെ തളർത്തി.വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം വെള്ളിയാഴ്ച രാവിലെയാണ് നാട്ടിൽ മടങ്ങിയെത്തിയത്.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ ആദ്യം സന്ദർശിച്ചു. ഷെമീന അപ്പോഴും അന്വേഷിച്ചത് ഇളയമകൻ അഫ്സാനെയായിരുന്നു. ഷമീനയോട് എന്ത് മറുപടി പറയണമെന്നറിയാതെ ഉള്ളുലഞ്ഞ റഹീമിനോടും ഷമീന തന്റെ അവസ്ഥയ്ക്ക് കാരണം മൂത്ത മകൻ അഫാനാണെന്ന് പറഞ്ഞില്ല. കട്ടിലിൽ നിന്ന് വീണതാണെന്നു തന്നെ റഹീമിനോടും ആവർത്തിച്ചു.ഖബറിസ്ഥാനിലെത്തിയപ്പോൾ ആ പിതാവിന്റെ ഉള്ളുലഞ്ഞു. സമാഹരിച്ച ധൈര്യമൊക്കെയും ചോർന്നു. നെഞ്ചുപ്പൊട്ടി അദ്ദേഹം കരഞ്ഞു. പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിലും തന്നെ മുന്നോട്ടുനയിച്ച കുടുംബമെന്ന യാഥാർത്ഥ്യം ഇനി തനിക്കൊപ്പമില്ലെന്ന വേദന അദ്ദേഹത്തെ തളർത്തി.
മാതാവ് ഷെമിനയെയാണ് പ്രതി അഫാൻ ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ ഷെമിനയുടെ കഴുത്തിൽ ഷാൾ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചെന്നുകരുതി മുറി പൂട്ടിയശേഷമാണ് ബാക്കി കൊലപാതകങ്ങൾക്കുള്ള ഒരുക്കങ്ങൾ അഫാൻ നടത്തിയത്.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി പണയത്തിനു സ്വർണം കൊണ്ടുവരാമെന്നു പറഞ്ഞ് 1,400 രൂപ കടം വാങ്ങുകയും ബാഗ്, ചുറ്റിക, എലിവിഷം എന്നിവ മൂന്നുകടകളിൽനിന്നു വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാതാവ് മരിച്ചിട്ടില്ലെന്നു കണ്ടത്. തുടർന്ന് ഷെമിനയെ ചുറ്റിക ഉപയോഗിച്ച് അടിച്ചുവീഴ്ത്തി.
പിന്നീട് അഫാൻ പാങ്ങോട്ടുള്ള മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലെത്തി. മുത്തശ്ശിയുടെ തലയ്ക്കടിച്ചുവീഴ്ത്തി മാല പൊട്ടിച്ചെടുത്തു. തിരിച്ച് വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിലെത്തി 74,000 രൂപയ്ക്ക് പണയംവെച്ചു. ഇതിനുശേഷമാണ് പിതൃസഹോദരൻ ലത്തീഫിന്റെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തിയത്.
തുടർന്ന് വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യപിച്ചതിനുശേഷം വീട്ടിലേക്കുപോയി. ഈ സമയത്താണ് ഫർസാനയെ സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തിയത്. ഫർസാനയെ കൊലപ്പെടുത്തിയശേഷം താൻ വിഷം കഴിച്ചതായാണ് അഫാന്റെ മൊഴി. പിന്നീട് വീട്ടിലെത്തിയ അനിയൻ അഫ്സാനെയും അഫാൻ കൊലപ്പെടുത്തി.
നിലവിൽ മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.