കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവില്‍ നിന്ന് ഇരുമ്പ് കമ്പിയും കണ്ടെത്തി.
കഴുത്തില്‍ കുരുക്ക് വീണിട്ടുള്ള മുറിവാണുണ്ടായിരുന്നതെന്നും ആ കുരുക്ക് മുറുകിയിട്ടാണ് പുലിയുടെ ജീവന് നഷ്ടമായതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ മനസിലായെന്നും കോട്ടയം ഡി.എഫ്.ഒ എന്‍.രാജേഷ് പറഞ്ഞു. രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള പറമ്പിലേക്കാണ് പോലീസ് നായകള്‍ മണം പിടിച്ചുപോയത്. ആ പറമ്പില്‍ നിന്ന് മുറിവ് സംഭവിച്ചശേഷം പുലി റബ്ബര്‍ തോട്ടത്തില്‍ വന്നപ്പോഴായിരിക്കാം ജീവന് നഷ്ടപ്പെട്ടത്. അതിനിടയില്‍ മുറിവില്‍ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും എന്‍.രാജേഷ് കൂട്ടിച്ചേര്‍ത്തു.
പന്നിയെ പിടികൂടാന്‍ വേണ്ടി തയ്യാറാക്കിയ കെണിയില്‍ പുലി കുടുങ്ങിയതാകാമെന്നും സൂചനയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം ഡി.എഫ്.ഒ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മ്ലാക്കര പൊതുകത്ത് പി.കെ. ബാബുവിന്റെ റബ്ബര്‍ തോട്ടത്തില്‍ ഏകദേശം നാല് വയസ്സ് പ്രായം തോന്നുന്ന പെണ്‍പുലിയുടെ ജഡം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ടാപ്പിങ്ങിനായി എത്തിയ ബാബു തന്നെയാണ് ജഡം കണ്ടത്. തുടര്‍ന്ന് പഞ്ചായത്തംഗം കെ.എന്‍. വിനോദിനെ വിവരമറിച്ചു. തുടര്‍ന്ന് വനപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തി. പുലിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.
വാഗമണ്‍ മലനിരകള്‍ക്ക് താഴ്വരയില് ഉള്ള സ്ഥലമാണ് മ്ലാക്കര. തൊട്ടടുത്ത് വനമില്ലാത്തതിനാല്‍ പുലി എവിടെനിന്നാണ് എത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. വാഗമണ്ണിന് സമീപം കിഴുകാനം പ്രദേശത്താണ് വനമുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.