തൃശൂര് : കേന്ദ്ര ബജറ്റില് കേരളത്തെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ നിലപാട് നെറികേടിൻ്റെ ഭാഗമാണ്. ഭാഷ അവരുടെ നെറികെട്ടതാണ്. ബജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാടിന് കേന്ദ്രമന്ത്രിമാർ കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സിപിഐഎം തൃശൂര് ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു.
കേരളം എന്നൊരു പേര് പരാമർശിക്കാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രം ഇങ്ങനെ അവഗണിക്കാൻ മാത്രം കേരളം എന്ത് കുറ്റം ചെയ്തു എന്നും മുഖ്യമന്ത്രി ചോദിച്ചു. എയിംസ് ഇല്ലാത്ത ഏക നാടാണ് നമ്മുടെ സംസ്ഥാനം. ഐംസ് അനുവദിക്കണമെന്ന് കേരളം കാലാകാലങ്ങളായി ആവശ്യപ്പെടുന്നു. എന്നാൽ ഇതിനോട് അനുകൂല സമീപനമല്ല കേന്ദ്രം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യാത്ത മാധ്യമങ്ങളേയും മുഖ്യമന്ത്രി വിമർശിച്ചു. വിഷയം മാധ്യമങ്ങൾ എത്ര കണ്ട് ശരിയായി അവതരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തിൻ്റെ താത്പര്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ തുറന്നു കാണിക്കാൻ എന്താണ് പ്രയാസമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
സ്വകാര്യ സർവകലാശാല വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സ്വകാര്യ സർവകലാശാലകളിൽ പൊതു റിസർവേഷൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സർവ്വകലാശാലകളിൽ നീതി പ്രതിഫലിക്കും. വിഷയത്തിൽ ചർച്ചകൾ തുടരുകയാണ്. എൽഡിഎഫും സർക്കാരും ചെയ്യുന്നതിനെ പ്രതിപക്ഷം അനാവശ്യമായി വിമർശിക്കുന്നു. എൽഡിഎഫും സർക്കാരും ഒരു കാര്യം ചെയ്യുന്നത് സാമൂഹിക നീതി ഉറപ്പാക്കിയിട്ടായിരിക്കും. സ്വകാര്യ സർവ്വകലാശാല തുടങ്ങുന്നത് കച്ചവടത്തിനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൻ്റെ വരുമാനം മദ്യം മാത്രമാണെന്നുള്ള പ്രചാരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലെ വസ്തുതകൾ തെറ്റായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.