ന്യൂഡൽഹി ;ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേർതിരിവ് മാറ്റണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.
നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം വളച്ചൊടിച്ചു. വാക്കുകൾ വന്നത് ഹൃദയത്തിൽ നിന്നാണ്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർട്ടിയാണ് ഗോത്രവിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന സുരേഷ് ഗോപിയുടെ പരാമർശം വിവാദമായിരുന്നു.ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉന്നതകുലജാതൻ വകുപ്പു മന്ത്രിയായാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മയൂർവിഹാറിൽ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു പരാമർശം.
‘‘2016ൽ എംപിയായ കാലഘട്ടം മുതൽ മോദിജിയോട് ആവശ്യപ്പെടുന്നതാണ്. എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട, ട്രൈബൽ തരൂ എന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ട്രൈബൽ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ആളാവുകയേയില്ല. എന്റെ ആഗ്രഹമാണ്, ഒരു ഉന്നതകുലജാതൻ അവരുടെ ഉന്നമനത്തിനുവേണ്ടി ട്രൈബൽ മന്ത്രിയാകണം. ആദിവാസി വിഭാഗത്തിൽപെട്ട ഒരാളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണം.
ഈ പരിവർത്തനം നമ്മുടെ ജനാധിപത്യത്തിൽ ഉണ്ടാകണം. ജാതിവശാൽ ഉന്നതകുലജാതനെന്ന് നമ്മൾ കരുതുന്ന ഒരു ബ്രാഹ്മണനോ നായിഡുവോ ഗോത്രവർഗത്തിന്റെ കാര്യങ്ങൾ നോക്കട്ടെ. വലിയ വ്യത്യാസമുണ്ടാകും. ഇക്കാര്യം ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്.’’ – എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.