യുപി;ആത്മഹത്യയെന്ന് വിധിയെഴുതിയ കേസില്‍ വഴിത്തിരിവുണ്ടാക്കി നാല് വയസ്സുള്ള മകള്‍. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. പഞ്ചവടി ശിവ പരിവാര്‍ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് മകള്‍ വരച്ച ചിത്രം നിര്‍ണായകമായത്.
യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് മാതാപിതാക്കളെ ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ ചെയ്യുന്നത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് സൊണാലി തൂങ്ങി മരിച്ചെന്ന് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം.
2019 ലാണ് മധ്യപ്രദേശുകാരനായ സന്ദീപിനെ, സൊണാലി വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സന്ദീപും അയാളുടെ മാതാപിതാക്കളും സൊണാലിയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ തുടങ്ങി. വിവാഹത്തോട് അനുബന്ധിച്ച് 20 ലക്ഷത്തോളം സൊണാലിയുടെ മാതാപിതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ പണവും പുതിയ കാറും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചു. പിന്നീട് ഇയാള്‍ മകളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലും പ്രശ്നങ്ങളുണ്ടായി. പ്രവസശേഷം കുഞ്ഞിനെ കാണാന്‍ പോലും തയ്യാറാകാതെ ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ നിന്ന് പോയി. പ്രസവത്തിന്റെ ചെലവ് നോക്കിയതെല്ലാം സൊണാലിയുടെ കുടുംബമായിരുന്നു. ഇനി ഭര്‍തൃവീട്ടിലേക്ക് പോകേണ്ടെന്ന് മാതാപിതാക്കള്‍ സൊണാലിയോട് പറഞ്ഞിരുന്നു. പക്ഷേ മാസങ്ങള്‍ക്ക് ശേഷം സഞ്ജീവ് സൊണാലിയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോയി.
സൊണാലിയുടെ മരണശേഷം മകള്‍ മാതൃവീട്ടുകാരുടെ കൂടെയായിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം ശ്രദ്ധയില്‍പ്പെടുന്നത്. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു രൂപമാണ് കുട്ടി വരച്ചത്. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ പപ്പ കൊന്നതാണെന്ന് കുട്ടി വെളിപ്പെടുത്തിയത്.
പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു. തലയില്‍ കല്ലുകൊണ്ട് അടിച്ച ശേഷം കെട്ടിതൂക്കി- പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പപ്പ മമ്മിയെ എപ്പോഴും ഉപദ്രവിക്കാറുണ്ട്. ഇനിയും മമ്മിയെ തല്ലിയാല്‍ പപ്പയുടെ കയ്യൊടിക്കുമെന്ന് താന്‍ പറഞ്ഞു. തന്നെയും പിതാവ് തല്ലി. സംസാരിച്ചാല്‍ അമ്മയെപ്പോലെ തന്നെയും ഉപദ്രവിക്കുമെന്ന് പപ്പ പറഞ്ഞുവെന്നും കുട്ടി വെളിപ്പെടുത്തി. യുവതിയുടെ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പോലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.