വയനാട്: ക്രൂരമായ റാഗിങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം.
എസ്‌എഫ്‌ഐ പ്രവർത്തകരടക്കം 18 പേർ പ്രതികളായ കേസ് അട്ടിമറിക്കാൻ തുടക്കം മുതല്‍ പലതവണയും ശ്രമം നടന്നിരുന്നു. പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞതാണ് കേസില്‍ ഒടുവില്‍ നടന്നത്.കേസിലന്റെ നാള്‍ വഴികളിലൂടെ...
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താൻ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു.
മരിച്ച സിദ്ധാർത്ഥന്‍റെ ദേഹത്ത് കണ്ട് മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായി പെരുമാറ്റവും മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥന്‍റെ വീട്ടുകാർ പരാതി നല്‍കുന്നതില്‍ എത്തിച്ചു.കോളേജിലെ പൊതുദർശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ കോളേജില്‍ വച്ച് ആംബുലൻസിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാർത്ഥൻ ഇരയായെന്ന വിവരം വീട്ടുകാർ അറിയാൻ ഇടയാക്കിയത്.
പതിനാറാം തീയ്യതി മുതല്‍ എസ്‌എഫ്‌ഐ പ്രവർത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാർത്ഥൻ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ ഫോണ്‍ ചാർജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാൻ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോള്‍ പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്നിച്ചു. എസ്‌എഫ്‌ഐ പ്രവർത്തകരായ പ്രതികളെ സഹായിക്കുന്നതായിരുന്നു സർക്കാര്‍ നിലപാടുകള്‍. ഒടുവില്‍ സമ്മർദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്.
കേസില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ മരണത്തിന് ഉത്തരവാദികളായ 19 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഗവർണറുടെ ഇടപെടലിലൂടെ വിസിയും ഡീനും വാര്‍ഡനുമെല്ലാം നടപടി നേരിട്ടു. സിപിഎം നേതാവും മുൻ എംഎല്‍എയുമായ സി കെ ശശീന്ദ്രൻ പ്രതികളെ എത്തിച്ചപ്പോള്‍ മജിസ്ട്രേറ്റിന്‍റെ വസതിയില്‍ എത്തിയെന്ന വിവാദവും സിപിഎം നിലപാടിനെ സംശയത്തിലാക്കുന്നതായി.
കുടുംബത്തിന്‍റെ ആവശ്യപ്രകാരം കേസ് പിന്നീട് സർക്കാർ സിബിഐയ്ക്ക് വിട്ടെങ്കിലും രേഖകള്‍ അടക്കം കൈമാറുന്നതില്‍ താമസം വരുത്തി കേസ് അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ തുടർ പഠനം നടത്താൻ അടുത്തിടെ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് സിദ്ധാർത്ഥന്‍റെ കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.