യുകെയിലും ട്രമ്പ് സ്റ്റൈല്‍, കുടിയേറ്റക്കാരെ ഓടിച്ചു പിടിച്ചു യുകെ ബോര്‍ഡര്‍ പോലീസ്. ഇന്ത്യക്കാര്‍ നടത്തുന്ന റസ്റ്റൊറന്റുകളിലും സലൂണുകളിലും ചെറിയ സൂപ്പര്‍മാര്‍ക്കറ്റുകളിലും കാര്വാഷുകളിലുമാണ് റെയ്ഡുകള്‍
നാടകീയമായി നടന്ന റെയ്ഡുകളില് നിരവധി അനധികൃത കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റിലായി. കാര്‍ വാഷുകളിലും, നെയില്‍ ബാറുകളിലും, റെസ്റ്റോറന്റുകളിലും മറ്റുമായി യുകെ ബോര്‍ഡര്‍ പോലീസ് കയറി ഇറങ്ങിയപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ പിടിയിലായി.
ഹംബര്‍സൈഡിലെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നടന്ന അറസ്റ്റില്‍ ഏഴുപേരെ അറസ്റ്റിലായപ്പോള്‍ നാല് പേരെ ഡിറ്റന്‍ഷന്‍ ചെയ്യുകയും ചെയ്തു. തെക്കന്‍ ലണ്ടനിലെ ഒരു ഗ്രോസറി വെയര്‍ഹൗസില്‍ നിന്നും ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മാത്രം 609 അനധികൃത കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റിലായി എന്നാണ് അധികൃതര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. അതുപോലെ, അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് വയ്ക്കുകയോ, ജോലിക്ക് വയ്ക്കുന്നു എന്ന് സംശയിക്കപ്പെടുകയോ ചെയ്ത 828 ഇടങ്ങളില്‍ ജനുവരിയില്‍ റെയ്ഡ് നടന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 556 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെങ്കില്‍, 2019 ല്‍ ഇത് 171 ഇടങ്ങളില്‍ മാത്രമായിരുന്നു നടന്നത്.
ലേബര്‍ പാര്‍ട്ടി അധികാരമേറ്റ ജൂലായ് അഞ്ചിന് ശേഷം ഇക്കഴിഞ്ഞ ജനുവരി 31 വരെ 5434 ഇടങ്ങളില്‍ നടന്ന റെയ്ഡുകളിലായി 3,930 പേര് അറസ്റ്റിലായി എന്നാണ് കണക്കുകള്‍ പറയുന്നത്. തൊട്ട് മുന്‍പത്തെ 12 മാസ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 38 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെഷയറിലെ ഒരു ഇലക്ട്രിക് സിഗരറ്റ് ഷോപ്പില്‍ നടന്ന റെയ്ഡില്‍ പത്ത് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍, വ്യാജ രേഖകള്‍ ചമച്ചതിന് മറ്റു രണ്ടു പേര് കൂടി അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. വെയ്ല്‍സിലും പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും സമാനമായ രീതിയില്‍ റെയ്ഡുകളും അറസ്റ്റുകളും നടന്നു.
അനധികൃതമായി തൊഴില്‍ ചെയ്യുന്നവര്‍ തീര്‍ത്തും മനുഷ്യത്വ രഹിതമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്തിരുന്നതെന്ന് ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. തീരെ കുറവ് വേതനത്തിനോ, വേതനം പോലുമില്ലാതെയോ ആണ് പലരും അധികസമയം ജോലി ചെയ്തിരുന്നത്. ബ്രിട്ടനിലെത്തിയാല്‍, തൊഴിലവസരങ്ങള്‍ ലഭിക്കും എന്ന വ്യാജ വാഗ്ദാനം നല്‍കിയാണ് പലപ്പോഴും മനുഷ്യക്കടത്ത് സംഘങ്ങള്‍ ആളുകളെ ബ്രിട്ടനിലെത്തിക്കുന്നത് എന്നും ഹോം വകുപ്പിലെ ചിലര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.