തിരുവനന്തപുരം: വയനാട്ടില്‍ ഭീതിവിതച്ച പെണ്‍കടുവയ്ക്ക് തലസ്ഥാനത്ത് അഭയം. ഒരാഴ്ച മുമ്പ് വയനാട്ടില്‍ വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങിയ എട്ടുവയസുകാരിയായ കടുവയെ തിരുവനന്തപുരത്തേക്ക് വണ്ടികയറ്റാനാണ് തീരുമാനം.
കാലിന് പരുക്കേറ്റ കടുവയെ തിങ്കളാഴ്ച മൃഗശാലയില്‍ എത്തിക്കും. പരുക്കേറ്റ കടുവയ്ക്ക് ആവശ്യമായ ചികിത്സ നല്‍കി പുനരധിവസിപ്പിക്കും. മൃഗശാലയില്‍ എത്തിക്കുന്ന കടുവയുടെ ആരോഗ്യപരിശോധന നടത്തിയതിന് ശേഷം കാലിലെ പരുക്കിനുള്ള ചികിത്സ ആരംഭിക്കാനാണ് ആലോചന.മുൻപ് വയനാട് നിന്നും പിടികൂടിയ ജോർജ് എന്ന കടുവയെ ഉള്‍പ്പെടെ മൃഗശാലയിലേക്ക് കൊണ്ടു വന്നിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചാരക്കൊല്ലിയില്‍ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ആഴ്ചകള്‍ക്ക് മുമ്പാണ് പെണ്‍കടുവ പുല്‍പ്പള്ളി മേഖലയിലിറങ്ങി ഭീതിപടർത്തിയത്.
രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവ ഒടുവില്‍ വനം വകുപ്പിന്‍റെ കൂട്ടിലായി. കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവ പൂർണ ആരോഗ്യം പ്രാപിച്ചതോടെയാണ് തിരുവനന്തപുരത്തേക്കെത്തിക്കുന്നത്.
ജനുവരി ഏഴിനു നാരകത്തറയില്‍ പാപ്പച്ചൻ എന്ന ജോസഫിന്‍റെ ആടിനെ കൊന്നാണ് കടുവ ആക്രമണം തുടങ്ങിയത്. ആടിനെ പാതിയോളം ഭക്ഷിച്ച നിലയിലാണ് തൊട്ടടുത്ത തോട്ടത്തില്‍ ജഡം കണ്ടത്. തോട്ടത്തിലൂടെ കടുവ ഓടുന്നതും നാട്ടുകാർ കണ്ടു.വിവരമറിഞ്ഞെത്തിയ വനം വകുപ്പുദ്യോഗസ്ഥർ പാതി തിന്ന ആടിനെ ഇരയായി വെച്ച് കെണിയൊരുക്കി. കടുവ കെണിയില്‍ കുടുങ്ങിയില്ലെങ്കിലും ക്യാമറയില്‍ കുടുങ്ങി. വനംവകുപ്പിന്‍റെ നിരീക്ഷണ ക്യാമറയിലും ക്യാമറ ട്രാപ്പിലും ദൃശ്യങ്ങള്‍ ലഭിച്ചു. സൂക്ഷ്മ പരിശോധനയില്‍ ഇത് കേരളത്തിന്‍റെ ഡാറ്റാ ബേസില്‍ ഇല്ലാത്ത കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
പുല്‍പ്പള്ളിയിലെ അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ 10 ദിവസത്തിനിടെ അഞ്ച് ആടുകളെ കൊന്നതിന് ശേഷമാണ് കടുവ കൂട്ടിലായത് .ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി ഇരപിടിക്കാൻ തുടങ്ങിയതോടെ പുല്‍പ്പള്ളി പഞ്ചായത്തിലെ മൂന്ന് വാർഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അമരക്കുനിക്കടുത്ത വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തു. ആദ്യ ദിവസങ്ങളില്‍ ഡ്രോണ്‍ ക്യാമറ വരെ ഉപയോഗിച്ച് ആർആർടി സംഘം തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു.
ഇതിനിടെ കടുവ ദേവർഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാർ യാത്രികർ മൊബൈലില്‍ പകർത്തി. ഇതോടെയാണ് പ്രദേശത്ത് കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടിക്കുന്നതിനു വനം വകുപ്പ് തീരുമാനിച്ചത്. അഞ്ച് കൂടുകളിലാണ് കടുവക്കായി കെണിയൊരുക്കിയത്.
പ്രദേശത്ത് 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും തെർമല്‍ ഡ്രോണുകളും നോർമല്‍ ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഊർജ്ജിതമാക്കിയതിനിടയാണ് കടുവ കൂട്ടില്‍ ആയി. തൂപ്ര അംഗനവാടിക്ക് സമീപം സ്ഥാപിച്ചിരുന്ന കടുവാ കെണിയില്‍ കുടുങ്ങിയ പെണ്‍കടുവയുടെ ദൃശ്യങ്ങളും വൈകാതെ പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.