കോഴിക്കോട്: ആറു വർഷമായി ശമ്പളമില്ലാത്തതിന്റെ മനോവിഷമത്തില്‍ അധ്യാപിക ജീവനൊടുക്കി.
താമരശ്ശേരി കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍പി സ്കൂള്‍ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കല്‍ അലീന ബെന്നി (29)യാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചത്.താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്കൂളില്‍ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍പി സ്കൂളിലാണ് ജോലി നോക്കുന്നത്.
കട്ടിപ്പാറ വളവനാനിക്കല്‍ ബെന്നിയുടെ മകളാണ്. പിതാവും വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും രാവിലെ തന്നെ പുറത്ത് പോയിരുന്നു.അലീന സ്കൂളില്‍ എത്താത്തതിനെ തുടർന്ന് പ്രധാന അധ്യാപകൻ പിതാവിനെ വിളിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂളില്‍ നിന്നും പല തവണ അലീനയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. 13 ലക്ഷം രൂപ നല്‍കിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴില്‍ സ്കൂളില്‍ ജോലി തരപ്പെടുത്തിയത്. എന്നാല്‍ ആറു വർഷം പിന്നിട്ടിട്ടും ജോലി സ്ഥിരപ്പെടുത്തിയിരുന്നില്ല. കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യങ്ങളോ ആവശ്യമില്ലാ എന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായി പിതാവ് പറഞ്ഞു. ശമ്പളം കിട്ടാത്തതും, കുടിശ്ശിക കിട്ടില്ലന്നുമായതോടെ അലീന മാനസികമായി തളർന്നിരുന്നു. കൂടെ ജോലി ചെയ്യുന്ന അധ്യാപകരുടെ സഹായത്താലാണ് 25 കിലോമീറ്ററില്‍ അധികം ദൂരത്ത് നിന്നും സ്കൂളില്‍ എത്താനുള്ള ചിലവും ,മറ്റ് ആവശ്യങ്ങളും നടന്നു പോയത്. അലീനയുടെ മാതാവുമായുള്ള ബന്ധം പിതാവ് നേരത്തെ വേർപെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഐശ്വര്യ ബെന്നി, ദർശന ബെന്നി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.