കൊച്ചി: മഫ്ടിയിൽ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കർഡും കരുതണമെന്നു ഹൈക്കോടതി.
പട്രോളിങിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയിൽ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മഫ്ടിയിലുള്ള പൊലീസുകാർക്കു നേരെ കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെട്ടെന്ന കേസിൽ കോട്ടയം സ്വദേശി ഷിബിൻ ഷിയാദിനു മുൻകൂർ ജാമ്യം അനുവദിച്ചാണ് കോടതി നിരീക്ഷണം. മയക്കുമരുന്നു കൈവശം വച്ചെന്നു സംശയിച്ചു മഫ്ടിയിലെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെട്ടെന്നാണ് കേസ്. മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താൽ കുറ്റപ്പെടുത്താനാകില്ല. പൊലീസിന്റെയും സിബിഐയുടേയും മാത്രമല്ല ജഡ്ജിയുടെ പോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോഗം ചെയ്തു പലരും തട്ടിപ്പ് നടത്തുന്നുണ്ട്. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്നും കോടതി ചൂണ്ടിക്കാട്ടി.ഒക്ടോബർ 24നു ലഹരി മുരുന്നു സ്പെഷ്യൽ പരിശോധനയ്ക്കു പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹർജിക്കാരനും കൂട്ടരും ആക്രമിച്ചെന്നാണ് പരാതി. ആക്രമണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പൊലീസുകാർ യൂണിഫോമിൽ ആയിരുന്നില്ലെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നു പറയാനാകില്ലെന്നുെം വാദിച്ചു. തുടർന്നാണ് കോടതി വിഷയം വിശദമായി പരിശോധിച്ചത്.
മഫ്ടി ഡ്യൂട്ടിയെക്കുറിച്ച് നാഗരിക സുരക്ഷാ സംഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല. മേലധികാരിയുടെ ഉത്തരവുണ്ടെങ്കിൽ മാത്രം മഫ്ടിയിൽ ഡ്യൂട്ടി ചെയ്യാമെന്നാണ് മാന്വലിൽ പറയുന്നത്. ഈ കേസിൽ എസ്പിയുടെ പ്രത്യേക ഉത്തരവ് പ്രോസിക്യൂഷൻ ഹാജരാക്കി. ഉത്തരവിൽ മഫ്ടി ഡ്യൂട്ടി നിർദ്ദേശിച്ചിട്ടില്ലെന്നു കോടതി കണ്ടെത്തി.
കുരുമുളക് സ്പ്രേ ഉപയോഗിച്ചുവെന്നാണ് ചുമത്തിയ ഏക ജാമ്യമില്ലാ വകുപ്പ്. ഇത് ഇന്വേഷണത്തിൽ തെളിയേണ്ടതാണെന്നു വിലയിരുത്തിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്. മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.