ഗാന്ധിനഗർ:കള്ളും കഞ്ചാവും ലഹരിമരുന്നും... ഇരുട്ടു വീണാൽ കോട്ടയം മെഡിക്കൽ കോളജിലെ പഴയ ക്യാംപസ് ലഹരിയുടെ താഴ്‌വരയാകും. മെഡിക്കൽ വിദ്യാർഥികൾ മാത്രമല്ല പുറത്തു നിന്നുള്ള സാമൂഹിക വിരുദ്ധരുടെയും പ്രധാന താവളമാണിത്.
7 ഏക്കറിലധികമുള്ള വിശാലമായ ക്യാംപസ്. കാലഹരണപ്പെട്ട കെട്ടിടങ്ങൾ, ചുറ്റും കാടുപിടിച്ച് ഭയപ്പെടുത്തുന്ന അന്തരീക്ഷം. പകൽ സമയത്ത് പോലും തനിച്ച് പോകാൻ ഭയക്കുന്ന ഭാർഗവീ നിലയം! ഒറ്റനോട്ടത്തിൽ പഴയ ക്യാംപസ് ഇങ്ങനെയാണ്. പക്ഷേ ഇരുട്ടു വീണാൽ ഓൾഡ് ക്യാംപസ് സജീവമാകും.പിന്നെ വാഹനങ്ങളുടെ വരവാണ്. മദ്യ കുപ്പിയുമായി എത്തുന്നവർ, മറ്റ് ലഹരി സംഘങ്ങൾ, അനാശാസ്യ പ്രവർത്തനത്തിനെത്തുന്നവർ തുടങ്ങി രാത്രിയുടെ മറവിൽ ഓൾഡ് ക്യാംപസിനെ ‘ഗോൾഡ്’ ക്യാംപസാക്കി മാറ്റുന്നവർ ഏറെയാണ്.പൂട്ടുകളില്ലാതെ തുറന്നു കിടക്കുന്ന വിശാലമായ കെട്ടിടങ്ങളും ഇടനാഴികളുമുണ്ട് പഴയ ക‌്യാംപസിൽ.ഇരുട്ടു വീണാൽ സ്ത്രീകളും പുരുഷന്മാരുമടക്കം ഒട്ടേറെ പേർ ഇവിടെ എത്താറുണ്ടെന്നു നാട്ടുകാർ പറയുന്നു.ഒഴിഞ്ഞ മദ്യക്കുപ്പികളും, സിറിഞ്ചും, സിഗരറ്റ് കുറ്റികളും ഗർഭ നിരോധന ഉറകളും ഉൾപ്പെടെയുള്ളവ ക്യാംപസ് വളപ്പിൽ കാണാം. സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും വലിയ കാര്യമില്ല.
ഹോസ്റ്റലിലും മറ്റും സമയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതിന്റെ നേർ കാഴ്ചയാണ് പഴയ ക്യാംപസിലെ കാഴ്ചകൾ. ഒരാളെ കൊന്ന് ഇട്ടാൽ പോലും പുറം ലോകമറിയില്ല. അത്രയ്ക്ക് ദുരൂഹതകൾ നിറഞ്ഞതാണ് പഴയ ക്യാംപസ്.ഗേറ്റുകളോ ചോദിക്കാനും പറയാനും ആളോ ഇല്ല. ഇതാണ് സാമൂഹിക വിരുദ്ധർ ധൈര്യ സമേതം ഇവിടെയെത്താൻ കാരണമെന്നു ആശുപത്രി ജീവനക്കാർ പറയുന്നു.എക്സൈസ്, പൊലീസ് തുടങ്ങിയവർ പേരിനു വരുമെന്നല്ലാതെ സ്ഥിരമായി പരിശോധനകളൊന്നും നടക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.