കോഴിക്കോട്:ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി. ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെയെന്ന് ചിദാനന്ദപുരി ചോദിച്ചു. ആശാസ്ത്രീയ ആനയെഴുന്നള്ളത്തിനെതിരേയും കരിമരുന്നു പ്രയോഗങ്ങളേയും കുറിച്ച് കഴിഞ്ഞ മൂന്നരദശകങ്ങളായി താന്‍ സംസാരിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിന്റെ പേരില്‍ പലപ്പോഴും ആചാരവിരുദ്ധന്‍ എന്ന വിമര്‍ശനം കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. തന്നെ കോഴിക്കോട് വേങ്ങേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രക്ഷാധികാരിയായി നിയമിച്ചപ്പോള്‍ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കണണെന്ന് അവരോട് പറഞ്ഞതായി സ്വാമി ചിദാനന്ദപുരി പറയുന്നു. ഇതേത്തുടര്‍ന്ന് ആനയെ മാറ്റി രഥത്തില്‍ പ്രതിഷ്ഠയെ എഴുന്നള്ളിക്കാനാരംഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആരാധനാലയങ്ങളിലും രാഷ്ട്രീയവേദികളിലും ശബ്ദനിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തരീക്ഷമലിനീകരണംവരുത്തുന്ന കരിമരുന്നുകളില്‍നിന്ന് മതരാഷ്ട്രീയഭേദമില്ലാതെ ഏവരും വിട്ടുനില്‍ക്കട്ടെ. ഉത്സവങ്ങള്‍ രക്തചൊരിച്ചിലുകളുടെയും ആപത്തുകളുടെയും മരണങ്ങളുടെയും വേദിയാവാതെ ഭക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ചൈതന്യവര്‍ദ്ധനവിന്റെയും വേദികളാവട്ടെയെന്നും അദ്ദേഹം കുറിച്ചു.
ധന്യാത്മാക്കളെ,അശാസ്ത്രീയമായി നമ്മുടെ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആനയെഴുന്നള്ളത്തിനെയും കരിമരുന്നുപ്രയോഗങ്ങളെയും കുറിച്ച് കഴിഞ്ഞ മൂന്നര ദശകങ്ങളായി നമ്മുടെ സമൂഹത്തില്‍ വിമര്‍ശനം ചെയ്ത് പ്രസംഗിക്കാറുണ്ട്. അതിന്റെ പേരില്‍ പലപ്പോഴും ആചാരവിരുദ്ധന്‍ എന്നൊക്കെ പരാമര്‍ശങ്ങളും സസന്തോഷം കേള്‍ക്കാറുണ്ട്. ഇവയാല്‍ നമ്മുടെ നാട്ടില്‍ വീണ്ടും വീണ്ടും മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും ഒന്നു മാറി ചിന്തിച്ചുകൂടേ? ഒരു ദൃഷ്ടാന്തം പറയാം. കോഴിക്കോട് ജില്ലയില്‍ ആനയെഴുന്നള്ളിപ്പ് ഉള്ള സ്ഥലമായിരുന്നു വേങ്ങേരി ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. അവിടുത്തെ നവീകരണവുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തില്‍ ‘രക്ഷാധികാരിയെന്ന പേരു വയ്ക്കട്ടെ’ എന്നവര്‍ ചോദിച്ചപ്പോള്‍ ഈ ദുഷിച്ച ചെയ്തി നിര്‍ത്തണമെന്നവരോടു പറയുകയുണ്ടായി.
ഏതായാലും അവിടുത്തെ സജ്ജനങ്ങളായ പ്രവര്‍ത്തകര്‍ ആ ക്ഷേത്രത്തില്‍ നല്ല രഥം നിര്‍മ്മിച്ച് ഭഗവാനെ അതില്‍ എഴുന്നള്ളിക്കാനാരംഭിച്ചു. ആനയെ മാറ്റി. ഇപ്പോള്‍ വളരെ നല്ല നിലയ്ക്ക് ഉത്സവാദിനൈമിത്തികങ്ങള്‍ നടക്കുന്ന ശ്രേഷ്ഠമായ ക്ഷേത്രമാണത്. എല്ലാ ക്ഷേത്രകാര്യങ്ങളും സമംഗളം നടക്കുന്നു.ഇച്ഛാശക്തിയോടെ സമാജനന്‍മയ്ക്കു വേണ്ടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടപ്പെട്ടവര്‍ ശ്രമിക്കൂ.
ശാസ്ത്രീയമായി ഇത്ര ഡെസിബല്‍ ശബ്ദത്തിനു മുകളില്‍ പാടില്ലെന്നു നിശ്ചയിച്ചുമാത്രം ആരാധനാലയങ്ങളില്‍ നിന്നും രാഷ്ട്രീയവേദികളില്‍ നിന്നും ശബ്ദം ഉയരട്ടെ. ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ ഭേദമില്ലാതെ മറ്റുള്ളവ നിര്‍ത്തപ്പെടട്ടെ. ജനാവാസകേന്ദ്രങ്ങളില്‍ യാതൊരു വ്യവസ്ഥയുമില്ലാതെ ഉയര്‍ത്തപ്പെടുന്ന ശബ്ദമലിനീകരണം അത്യാപത്തെന്ന് നാം തിരിച്ചറിയട്ടെ. അന്തരീക്ഷമലിനീകരണം വരുത്തുന്ന കരിമരുന്നുകളില്‍ നിന്ന് മതരാഷ്ട്രീയഭേദമില്ലാതെ ഏവരും വിട്ടുനില്‍ക്കട്ടെ. ജീവന്‍രക്ഷാപ്രവര്‍ത്തനം ചെയ്യുന്ന ആംബുലന്‍സുകള്‍ക്കുപോലും മലിനീകരണം നിശ്ചിതപരിധിക്കുള്ളിലാണെന്നുള്ള സാക്ഷ്യപത്രം വേണം. എന്നാല്‍ കരിമരുന്നുപ്രയോഗത്തില്‍ ഒന്നും ആവശ്യവുമില്ല. നാം ഒന്നിച്ചു നമ്മുടെ നന്മയ്ക്കായി യത്നിക്കുക. ഉത്സവങ്ങള്‍ രക്തചൊരിച്ചിലുകളുടെയും ആപത്തുകളുടെയും മരണങ്ങളുടെയും വേദിയാവാതെ ഭക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ചൈതന്യവര്‍ദ്ധനവിന്റെയും വേദികളാവട്ടെ.സ്വാമി ചിദാനന്ദ പുരി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.