ന്യൂഡൽഹി: ‘ഒരു ലക്ഷത്തിലധികം ട്രാൻസ്ജെൻഡറുകൾ ഡൽഹിയിലുണ്ട്. എന്നാൽ ട്രാഫിക് സിഗ്നൽ പോയിന്റുകളിലും ദേശീയപാതയോരത്തും ഭിക്ഷയാചിച്ചും ഇരുട്ടിന്റെ മറപറ്റി ശരീരം വിൽക്കാൻ വിധിക്കപ്പെട്ടും നിൽക്കുന്നവരെയല്ലാതെ പൊതുസമൂഹം നല്ലതെന്ന് പറയുന്ന പദവികളിലോ ജോലികളിലോ ട്രാൻസ്ജെൻഡറുകളെ കണ്ടിട്ടുണ്ടോ?’ – ചോദ്യം നിയമസഭാ തിരഞ്ഞെടുപ്പിലെ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥി രാജൻ സിങ്ങിന്റേതാണ്.
ട്രാൻസ്ജെൻഡറുകൾക്കായി ക്ഷേമ ബോർഡോ പദ്ധതികളോ ഇല്ല, സംവരണങ്ങളില്ല, ചികിത്സാ ആനുകൂല്യങ്ങളില്ല. ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ ഉൾപ്പെടെ പ്രകടനപത്രികയിൽ പോലും തങ്ങൾ ഇടംപിടിക്കുന്നില്ലെന്നു രാജൻ സിങ് പറയുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമാകാനാണു രാജൻ സിങ്ങിന്റെ പോരാട്ടം. മുഖ്യമന്ത്രി അതിഷിക്കു പുറമേ ബിജെപിയുടെ രമേഷ് ബിദൂഡിയും കോൺഗ്രസിന്റെ അൽക്ക ലാംബയുമാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾ.
അവകാശങ്ങൾക്കായി പോരാട്ടം 699 സ്ഥാനാർഥികളിലെ ഏക ട്രാൻസ്ജെൻഡറായ രാജൻ സിങ് മുഖ്യമന്ത്രി അതിഷിയുടെ സിറ്റിങ് മണ്ഡലമായ കൽക്കാജിയിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ മത്സരിച്ചിരുന്നു. ഈ മണ്ഡലത്തിൽ ആദ്യമായി മത്സരിക്കുന്ന ട്രാൻസ്ജെൻഡറും രാജനാണ്. രാജൻ തോറ്റ ആ മത്സരം പക്ഷേ ട്രാൻസ്ജെൻഡറുകളുടെ അവകാശ പോരാട്ടങ്ങൾക്ക് നേട്ടമായി.
എയിംസിലും ആർഎംഎൽ ആശുപത്രിയിലും ട്രാൻസ്ജെൻഡറുകൾക്കായി മാത്രം പ്രത്യേക ഒപി തുടങ്ങി. ജില്ലാ മജിസ്ട്രേറ്റ് ഓഫിസിൽ ഡൽഹിയിലെ ആദ്യ ട്രാൻസ്ജെൻഡർ ശുചിമുറി നിർമിച്ചു. അന്നു സ്വതന്ത്ര സ്ഥാനാർഥിയായിരുന്നെങ്കിൽ ഇത്തവണ ആം ജനതാ പാർട്ടിയുടെ സ്ഥാനാർഥിയാണ്. കന്നിയങ്കത്തിൽ ലഭിച്ച 320 വോട്ടാണ് നിയമസഭാ പോരാട്ടത്തിനിറങ്ങാൻ ആത്മവിശ്വാസം നൽകിയത്.
വിവേചനങ്ങളുടെ തലസ്ഥാനം പൊതുവേയുള്ള വിവേചനങ്ങൾ തിരഞ്ഞെടുപ്പിലും ദൃശ്യമാണ്. മുഖ്യധാരാ പാർട്ടികളെല്ലാം ട്രാൻസ്ജെൻഡർ വിഭാഗത്തെ അവഗണിക്കുകയാണ്. ഈ വിവേചനം സ്ഥാനാർഥിപ്പട്ടികയിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും പ്രകടമാണ്. സ്ത്രീകൾക്കും പൂജാരിമാർക്കും മാസം പണം നൽകുമെന്ന് പറയുന്ന പാർട്ടികൾ, ജീവിക്കാൻ പ്രയാസപ്പെടുന്ന ട്രാൻസ്ജെൻഡറുകൾക്ക് ഒരു സഹായധനവും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ 15 വർഷത്തിനിടെ വിദ്യാഭ്യാസ– തൊഴിൽ മേഖലയിൽ ഒരു ട്രാൻസ്ജെൻഡറിനുപോലും അവസരം ലഭിച്ചിട്ടില്ല.
വിദ്യാഭ്യാസം, ചികിത്സ, മാന്യമായ തൊഴിൽ അവസരങ്ങൾ എന്നിവ ട്രാൻസ്ജെൻഡറുകൾക്ക് നൽകുന്നതിൽ മുന്നിലുള്ള സംസ്ഥാനമാണ് കേരളമെന്ന് രാജൻ പറഞ്ഞു. കേരളത്തിലേതുപോലെ ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി പ്രത്യേക സർക്കാർ സംവിധാനം ഡൽഹിയിലും ആവശ്യമാണ്. ഒരു ലക്ഷത്തിലധികം ട്രാൻസ്ജെൻഡറുകളുണ്ടെങ്കിലും സർക്കാരിന്റെ നിസ്സഹരണവും ബോധവൽക്കരണത്തിന്റെ കുറവും കാരണം 1261 പേർക്ക് മാത്രമേ ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡുള്ളൂവെന്നും രാജൻ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.