കൊച്ചി: പൂക്കാട്ടുപടിയില്‍ വൻ തീപിടിത്തമുണ്ടായ പ്ലാസ്റ്റിക് ഗോഡൗണ്‍ പ്രവർത്തിച്ചത് അനുമതി ഇല്ലാതെ. എടത്തല പഞ്ചായത്തിൽ പൂക്കാട്ടുപടിക്ക് സമീപം മാളക്കപ്പടി കോരങ്ങാട്ട്കരയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തിങ്കളാഴ്ച രാവിലെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. സമീപ മേഖലകളിലെ 6 ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള 8 ഫയർ എൻജിനുകളെത്തിച്ചാണ് 6 മണിക്കൂറോളം എടുത്തു തീ അണച്ചത്.
ഒന്നര ഏക്കറോളം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു ഈ ഗോഡൗൺ. നാട്ടുകാർ ഒട്ടേറെ തവണ പരാതിപ്പെടുകയും ചെയ്തിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. എന്നാൽ ഇതിനു ശേഷവും ഗോഡൗൺ പ്രവർത്തിച്ചത് പഞ്ചായത്തിന്റെ ഒത്താശയോടെ ആണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
തീ പിടിക്കുമ്പോൾ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ഗോഡൗണിലുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന ഇവർ അപകടം അറിഞ്ഞു വേഗത്തിൽ പുറത്തെത്തിയതിനാൽ ജീവൻ രക്ഷിക്കാനായി.
സമാന രീതിയിൽ ഒട്ടേറെ തീപിടിത്തങ്ങളാണ് കൊച്ചിയിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായത്. ഈ അപകടങ്ങളിൽ ഭാഗ്യം കൊണ്ടു മാത്രമാണ് പലപ്പോഴും ആളുകൾക്ക് ജീവൻ നഷ്ടപ്പെടാതിരുന്നത്. കാക്കനാടിനടുത്ത് വാഴക്കാലയിലും സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് ആക്രിക്കടയിലും വൻ തീപിടിത്തമാണ് കഴിഞ്ഞ നവംബറിലും ജനുവരിയിലും ഉണ്ടായത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ ഗോഡൗണുകൾ പ്രവർത്തിച്ചിരുന്നതെന്നും ആരോപണമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.