ബാലരാമപുരത്തു രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ യാതൊരു ബന്ധവുമില്ല; 35 ലക്ഷം രൂപ തന്നുവെന്ന ശ്രീതുവിന്റെ ആരോപണം തെറ്റ്; ജോത്സ്യന്‍ ദേവീദാസന്‍

തിരുവനന്തപുരം: ബാലരാമപുരത്തു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്കു പങ്കില്ലെന്നു ശംഖുമുഖം സ്വദേശിയായ ജോത്സ്യന്‍ ദേവീദാസന്‍. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത ശേഷം ദേവീദാസനെ വിട്ടയച്ചിരുന്നു. കോവിഡിനു മുന്‍പാണു പ്രതി ഹരികുമാര്‍ തനിക്കൊപ്പം ജോലി ചെയ്തിരുന്നതെന്നു ദേവീദാസന്‍ പറഞ്ഞു. ഹരികുമാറിന്റെ ശമ്പളം വാങ്ങാന്‍ സഹോദരി ശ്രീതുവും അമ്മയുമാണു വന്നിരുന്നത്. ഇങ്ങനെയാണ് ഇവരെ പരിചയപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം നല്ല രീതിയില്‍ ജോലി ചെയ്തിരുന്ന ഹരികുമാറിന്റെ പെരുമാറ്റത്തില്‍ മാറ്റം കണ്ടപ്പോള്‍ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി ഒപ്പം വിടുകയായിരുന്നു. ആറേഴു മാസം മുന്‍പു ശ്രീതു ഒരാള്‍ക്കൊപ്പം വന്ന് എന്നെ കണ്ടിരുന്നു. ഒപ്പമുള്ളയാള്‍ ഭര്‍ത്താവാണെന്നാണു പറഞ്ഞത്. ആരുടെയും ആത്മീയഗുരുവല്ല, ജ്യോതിഷി മാത്രമാണ്. വസ്തുക്കച്ചവടത്തിന് ഇടനിലക്കാരനും ആയിട്ടില്ല. ഒരു പൈസ പോലും ശ്രീതുവും കുടുംബവും ഏല്‍പ്പിച്ചിട്ടില്ല.

35 ലക്ഷം രൂപ തനിക്കു തന്നുവെന്ന ശ്രീതുവിന്റെ ആരോപണം തെറ്റാണെന്നു ദേവീദാസന്‍ പറഞ്ഞു. കള്ളപ്പരാതിയാണു നല്‍കിയിരിക്കുന്നത്. ഇതേവരെ അവരുമായി ഫോണില്‍ സംസാരിച്ചിട്ടില്ല. പണം വാങ്ങേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടുമില്ല. ജ്യോത്സന്മാരെ വക്രീകരിച്ചു കാണിക്കാനുള്ള എന്തോ ഗൂഢാലോചനയാണിത്. അവരോടു തല മുണ്ഡനം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്.


ദോഷം മാറാന്‍ അങ്ങനെ ചെയ്യണമെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഹരികുമാറിന്റെ പ്രതിഫലമായി പതിനായിരം രൂപ സഹകരണസംഘത്തില്‍ നിക്ഷേപിച്ചിരുന്നു. അതിന്റെ പാസ്ബുക്കാണ് എന്റെ പക്കലുള്ളത്. അത് കുടുംബത്തിനു കൊടുത്തിരുന്നില്ല. ഹരികുമാറിനു മാത്രമെ കൊടുക്കൂ എന്നു തീരുമാനിച്ചിരുന്നു. ഹരികുമാര്‍ നന്നായി തിമില വായിക്കും. അതുകൊണ്ടാണു താല്‍പര്യം തോന്നിയത്. എനിക്ക് ആണ്‍മക്കളില്ല, രണ്ടു പെണ്‍മക്കളാണ്. അതുകൊണ്ട് ഹരികുമാറിനോടു പ്രത്യേക സ്‌നേഹം തോന്നിയിരുന്നു. അത് ഹരികുമാറിന്റെ അമ്മ തന്നെ ഇന്നലെ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. എഴുതാനോ വായിക്കാനോ അറിയില്ല. പണം എണ്ണാനോ കൈകാര്യം ചെയ്യാനോ അറിയാത്ത ഹരി അതിരാവിലെ എഴുന്നേറ്റ് വിളക്ക് വയ്ക്കുകയും പൂജാ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ മരണത്തില്‍ അന്ധവിശ്വാസത്തിന് ബന്ധമുണ്ടോ എന്നു പൊലീസ് കണ്ടെത്തേണ്ട കാര്യമാണ്. എനിക്ക് യാതൊരു ബന്ധവുമില്ല. വിദേശത്തുനിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അറിയുന്നത്. ഹരികുമാറിന്റെ വീട്ടില്‍ പൂജ നടത്താന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് പൊലീസ് എത്തി ചോദ്യം ചെയ്യലിനു വരണമെന്ന് അറിയിച്ചത്- ദേവീദാസന്‍ പറഞ്ഞു.

ശ്രീതുവിന്റെ കുടുംബവുമായി ദേവീദാസന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നും കുഞ്ഞിന്റെ കൊലപാതകവുമായി അത്തരം ഇടപാടുകള്‍ക്കു ബന്ധമുണ്ടോ എന്നറിയാനുമാണു പൊലീസ് ദേവീദാസനെ ചോദ്യം ചെയ്തത്. ദേവീദാസന്റെ ഫോണ്‍ പൊലീസ് പരിശോധിക്കുകയാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദേവേന്ദുവിനെ ഹരികുമാര്‍ എന്തിനാണു കൊലപ്പെടുത്തിയത് എന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന ഹരികുമാറിനെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഹരികുമാറിനെ റിമാന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ശ്രീജിത്ത് ബാലരാമപുരം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീതുവിനെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ശ്രീതു ഇപ്പോഴുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !