തിരുവനന്തപുരം: നെന്മാറയിലെ ഇരട്ടക്കൊലപാതകം, പത്തനംതിട്ടയിലെ പോലീസ് അതിക്രമം എന്നിവയടക്കം സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍. ഷംസുദ്ദീനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അതേസമയം, നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടും നടപടികളില്‍ വീഴ്ചവരുത്തിയതിന് നെന്മാറ പോലീസ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഹനെ സസ്പെന്‍ഡ് ചെയ്തുവെന്ന് ആഭ്യന്തരവകുപ്പുമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പത്തനംതിട്ടയില്‍ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയവര്ക്കെതിരേ പോലീസ് ലാത്തിവീശിയ സംഭവത്തേക്കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. സംഭവത്തില്‍ തെറ്റായ നടപടി സ്വീകരിച്ച പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജിനുവിനെയും പോലീസ് ഉദ്യോഗസ്ഥരായ ജോബിന്, അഷ്ഫാക്ക്, റഷീദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതികളില്‍ ശരിയായ രീതിയിലല്ലാതെ നടപടികള്‍ സ്വീകരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങളെ പൊതുവത്കരിച്ച് പോലീസിനെതിരായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നോട്ടീസില്‍ ഉന്നയിച്ച രണ്ടുവിഷയങ്ങളിലും ആരോപണവിധേയര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കൊലക്കത്തികളില്നിന്ന് മനുഷ്യജീവന് സംരക്ഷണം നല്കാന് കഴിയാത്തവിധം പോലീസ് സംവിധാനം നോക്കുകുത്തിയാകുമ്പോള്‍ ആര് തുണയാകുമെന്ന് മലയാളികള്‍ നെടുവീര്‍പ്പിടുന്ന അവസ്ഥയിലാണ് കേരളമെന്ന് എന്‍. ഷംസുദ്ദീന് പറഞ്ഞു. നെന്മാറയിലെ ഇരട്ടക്കൊലയ്ക്ക് കാരണം പോലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.