തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തി. ആശമാരുടെ സമരം ജീവിക്കാനുള്ള സമരമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിചാരിച്ചാല്‍ അരമണിക്കൂര്‍ കൊണ്ടു പ്രശ്നം തീര്‍ക്കാവുന്നതാണ്. പ്രതികാരവും ഭീഷണിയുമായി മുന്നോട്ടുപോയാല്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐ നേതാവ് സി.ദിവാകരനും ആവശ്യപ്പെട്ടു.
സ്ത്രീകളുടെ സമരം ദേശീയ ശ്രദ്ധയില്‍ എത്തിക്കഴിഞ്ഞു. മുതിര്‍ന്ന കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ പിണറായിയോട് അഭ്യര്‍ഥിക്കുന്നുവെന്ന് ദിവാകരന് പറഞ്ഞു. വിഷയത്തില്‍ തീരുമാനമാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് സമരത്തിനു നേതൃത്വം നല്കുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്. വരും ദിവസങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധിക്കും.
സമരത്തിലെ മഹാസംഗമത്തില്‍ പങ്കെടുത്തവരെയും പണിമുടക്കിലേര്പ്പെട്ടവരെയും സിപിഎം-സിഐടിയു നേതൃത്വം ഭീഷണിപ്പെടുത്തുകയാണെന്ന് അസോസിയേഷന് പ്രസിഡന്റ് വി.കെ.സദാനന്ദന്, വൈസ് പ്രസിഡന്റ് എസ്.മിനി, ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു എന്നിവര്‍ പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, വി.പി.സജീന്ദ്രന്, കെ.ജയന്ത്, വി.എസ്.ശിവകുമാര്‍, ബി.എ.അബ്ദുല്‍ മുത്തലീബ്, ആറ്റിപ്ര അനില്‍, കെ.എസ്.ശബരീനാഥ് തുടങ്ങിയവര്‍ ഇന്നലെ സമരസ്ഥലം സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. മഹിളാ കോണ്‍ഗ്രസ് ഇന്നലെ മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.