മലപ്പുറം: ഭാഷാവൈവിധ്യം, ഗവേഷണം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 'കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്' എന്ന പേരിൽ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ. ബിന്ദു സർവകലാശാലയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിൽ എത്തിക്കുന്നതിനായി സ്ഥാപിക്കുന്ന ഏഴു മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നാണിത്.
കേരളത്തിലെ പ്രാദേശിക ഭാഷകളുടെയും മറ്റ് ഇന്ത്യൻ ആഗോള ഭാഷകളുടെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനും കേരളത്തെ ഭാഷാ മികവിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാനുമാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കേരള ലാംഗ്വേജ് നെറ്റ് വർക്കിന് കീഴിൽ വിദേശ ഭാഷാ പഠനത്തിന്റെയും പരിഭാഷയുടെയും ഉപകേന്ദ്രം, തദ്ദേശ ഭാഷകളുടെ പഠനകേന്ദ്രം എന്നിവയും സ്ഥാപിക്കും. ആദ്യഘട്ടത്തിൽ കമ്മ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സ്, ജർമ്മൻ എ വൺ കോഴ്സ് എന്നിവയാണ് ആരംഭിക്കുന്നത്.
ഇവയുടെ സിലബസ് നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ ക്ലാസുകൾ മലയാളം സർവ്വകലാശാലയിലും പൊന്നാനി ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം മെമ്മോറിയൽ സെന്റർ ഫോർ ലാംഗ്വേജ് ആൻഡ് ട്രാൻസലേഷൻ ഉപ കേന്ദ്രത്തിലും ആരംഭിക്കും.ഈ കോഴ്സിനുള്ള അപേക്ഷകൾ ഫെബ്രുവരി 15 മുതൽ 26 വരെ സ്വീകരിക്കും. അപേക്ഷ ഗൂഗിൾ ഫോം രൂപത്തിൽ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാക്കും.
അപേക്ഷാ ഫീസ് 500 രൂപ. പിന്നാക്ക വിഭാഗങ്ങൾക്ക് ഇളവുണ്ട്. ഒരു ബാച്ചിൽ പരമാവധി 30 വിദ്യാർഥികൾക്ക് അവസരം ലഭിക്കും. മാത്രമല്ല, സൗകര്യപ്രദമായ ബാച്ചുകൾ തിരഞ്ഞെടുക്കാനും കഴിയും.യോഗ്യത: പ്ലസ് ടു. കോഴ്സ് ഫീസ് - അറബിക്: 5000, ജർമ്മൻ: 10000. വിശദവിവരങ്ങൾ malayalamuniversity. edu. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എൽ സുഷമയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.