ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയ്ക്കെതിരെയുള്ള അന്വേഷണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണം തേടി യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന് (യു.എസ്.എസ്.ഇ.സി.) ഓഹരി നിക്ഷേപത്തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാണ് ഗൗതി അദാനിയും അനന്തരവന് സാഗര്‍ അദാനിയും അന്വേഷണം നേരിടുന്നത്.
അദാനിയ്ക്കും അനന്തരവനും എതിരെയുള്ള പരാതികളില്‍ അന്വേഷണനടപടികള്‍ പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ നിയമമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും യു.എസ്.എസ്.ഇ.സി. ന്യൂയോര്‍ക്കിലെ ജില്ലാകോടതിയെ ബോധിപ്പിച്ചു.
2024 നവംബറിലാണ് ഗൗതം അദാനി, സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി ജീവനക്കാര്‍, അസുര് പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ആയ സിറില്‍ കമ്പനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും യു.എസ്. കോടതി കുറ്റം ചുമത്തിയത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്നുമാണ് കേസ്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിധാരണാജനകവുമായ പ്രസ്താവനകള്‍ നടത്തി നിക്ഷേപകരേയും ആഗോള ധനകാര്യസ്ഥാപനങ്ങളേയും കബളിപ്പിച്ചതായാണ് ആരോപണം.
കൂടാതെ, 265 മില്യണ്‍ ഡോളര്‍ (2,300 കോടി രൂപ) കൈക്കൂലി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. ഇരുപത് കൊല്ലത്തിനുള്ളില്‍ കരാറുകളില്‍ നിന്ന് 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടതായും അദാനിയെ പരാമര്‍ശിക്കുന്നതിന് ന്യൂമെറെ യുണോ, ദ ബിഗ് മാന്‍ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കുന്നതിനായി കുറ്റാരോപിതര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കോഴക്കാര്യം മറച്ചുവെച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന് കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രീനിനുള്ള കരാറുകള്‍ക്കായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തുവെന്നതാണ് പ്രധാന ആരോപണം. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുര് പവര്‍ ഗ്ലോബല്‍ കോഴയില്‍ ഒരു ഭാഗം നല്‍കാമെന്ന് സമ്മതിച്ചതായും യു.എസ്.എസ്.ഇ.സി. ആരോപിച്ചട്ടുണ്ട്.
ജോ ബൈഡന് ഭരണകൂടത്തിന്റെ സമയത്തുയര്‍ന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് പാടേ തള്ളിയിരുന്നു. ഫെബ്രുവരി ആദ്യം ഫോറിന് കറപ്റ്റ് പ്രാക്ടീസ് ആക്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്നു. അദാനിയ്ക്കും ബന്ധപ്പെട്ടവര്‍ക്കുമെതിരെയുള്ള നിയമനടപടികളില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രസ്താവിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.