ഇരിട്ടി: കേരള സർക്കാരിന്റെ ക്രിസ്മസ് ബംപർ 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ഇരിട്ടി ഫെഡറൽ ബാങ്ക് ശാഖയിലെത്തി. സത്യൻ എന്നയാളാണു ലോട്ടറി ബാങ്കിൽ ഏൽപിച്ചത്. എന്നാൽ തന്റെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതർ പറഞ്ഞു. രണ്ടു ദിവസമായി ഭാഗ്യശാലിയെ കേരളം തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തന്റെ സ്വകാര്യത മാനിക്കണം എന്നാവശ്യപ്പെട്ട് ഭാഗ്യശാലി രഹസ്യമായി ബാങ്കിലെത്തിയത്.
ഇരിട്ടി മേലേ സ്റ്റാൻഡിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ XD 387132 നമ്പർ ടിക്കറ്റിനാണു ബംപർ സമ്മാനം അടിച്ചത്. ഇടയ്ക്കിടെ വന്നു 10 ടിക്കറ്റുകളുടെ ഒരു ബുക്ക് എടുക്കുന്ന സത്യൻ എന്നയാൾക്കാണു ടിക്കറ്റ് വിറ്റതെന്നു ലോട്ടറി സ്റ്റാൾ ജീവനക്കാർ നൽകിയ സൂചനയാണു സത്യൻ എന്നയാളാണു ബംപർ ഭാഗ്യശാലി എന്ന കേരളം ഉറപ്പിക്കാൻ കാരണം. ഇതോടെ ഇരിട്ടിയിലും പരിസരത്തും ഉള്ള സത്യന്മാരെത്തേടി മാധ്യമപ്രവർത്തകരും വിവിധ ബാങ്ക് പ്രതിനിധികളും ആളുകളും 2 ദിവസമായി നെട്ടോട്ടത്തിലാണ്.
ആദ്യദിനം തന്നെ പയഞ്ചേരി വായനശാലയ്ക്കു സമീപം വയലൻ വീട്ടിൽ സത്യൻ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണെന്നറിഞ്ഞതോടെ മാധ്യമപ്രവർത്തകരും നാട്ടുകാരും ബാങ്ക് പ്രതിനിധികളും സത്യന്റെ വീട്ടിൽ എത്തിയിരുന്നു.ഭാഗ്യശാലി താനല്ലെന്നാണു ഇന്നലെയും സത്യൻ ആവർത്തിക്കുന്നത്. ഇതിനിടെ മറ്റു ചില സത്യന്മാരുടെ സൂചനകളും വയലൻ സത്യൻ നൽകി. കീഴൂർക്കുന്നിലെ ഒരു സത്യൻ എന്നായിരുന്നു ഇന്നലെ ആദ്യം പുറത്തുവന്ന വിവരം. അന്വേഷണത്തിൽ അദ്ദേഹത്തിനല്ല ലോട്ടറി അടിച്ചതെന്നു കണ്ടെത്തി. കോളിക്കടവിൽ ഉള്ള സത്യൻ, കരിക്കോട്ടക്കരിയിൽ ലോട്ടറി വിൽപന കൂടി നടത്തുന്ന സത്യൻ, മാക്കൂട്ടത്തുള്ള സത്യൻ എന്നിങ്ങനെയും പ്രചാരണങ്ങൾ വന്നെങ്കിലും അന്വേഷണത്തിൽ ഈ സത്യന്മാരെ ആരെയും കണ്ടെത്താനായില്ല. ഇരിട്ടിയിലെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നു വിറ്റ ടിക്കറ്റിനാണു ബംപർ അടിച്ചതെന്നു അറിഞ്ഞതു മുതൽ ഭാഗ്യശാലി ആരാണെന്നുള്ള അന്വേഷണവുമായി കടയിലേക്കുള്ള ആൾക്കാരുടെ പ്രവാഹം തുടരുകയാണ്.
ചക്കരക്കല്ലിലെ മേലേവീട്ടിൽ എം.വി.അനീഷാണു മുത്തു ലോട്ടറി ഏജൻസി ഉടമ. ചക്കരക്കൽ, ഇരിട്ടി, മട്ടന്നൂർ, ചാലോട് ടൗണുകളിലായി 6 ലോട്ടറി വിൽപ്പനകേന്ദ്രങ്ങൾ ഉണ്ട്. ഒരു കോടി രൂപ വരെയുള്ള സമ്മാനങ്ങൾ പല തവണ ലഭിച്ചിട്ടുണ്ടെങ്കിലും ബംപർ സമ്മാനം ആദ്യമാണെന്നും എം.വി.അനീഷ് പറഞ്ഞു. ഇരിട്ടിയിലും ആദ്യമായാണു ഇത്ര വലിയ തുകയുടെ ബംപർ സമ്മാനം അടിക്കുന്നതെന്നതും ഭാഗ്യശാലിയെ അറിയാനുള്ള ആളുകളുടെ താൽപര്യത്തിനു പിന്നിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.