നാടുകടത്തപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയവർ അമേരിക്കയിലേക്ക് കടക്കാൻ ഏജന്റിന് നൽകിയത് 43 കോടി രൂപ കമ്മീഷൻ;

ന്യൂഡൽഹി: അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ പഞ്ചാബികളായ 127 പേർ ട്രാവൽ ഏജന്റുമാർക്ക് കമ്മീഷനായി നല്‍കിയത്‌ വൻ തുക. അമേരിക്കയിലേക്ക് കടക്കാൻ 43 കോടി രൂപയാണ് ഇവർ ഏജന്റുമാർക്ക് കൈമാറിയത്.

അധികൃതർ ശേഖരിച്ച കണക്കുകൾ പ്രകാരം, ആദ്യമെത്തിയ സംഘത്തിലുള്ള പഞ്ചാബികളായ 31 പേർ 4.95 കോടി രൂപയാണ് ഏജന്റിന് നൽകിയത്. രണ്ടാമത്തെ സംഘത്തിലുള്ളവര്‍ 26.97 കോടിയും മൂന്നാം ബാച്ചിലെത്തിയ 31പേർ 11.37 കോടിയും ഏജന്റുമാർക്ക് നൽകിയാണ് അമേരിക്കയിലെത്തിയത്. നാടുകടത്തപ്പെട്ട് ഫെബ്രുവരി 5,15,16 തീയതികളിൽ മൂന്ന് സംഘമായി ഇന്ത്യയിലെത്തിയ 332 പേരിൽ 127 പേർ പഞ്ചാബികളായിരുന്നു.

അമൃത്‌സർ വിമാനത്താവളത്തിലെത്തിയ ശേഷം നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുക ക്രോഡീകരിച്ചത്. ഏജന്റിന്റെ പേര്, നൽകിയ പണം, ഏത് വഴിയിലൂടെ യു.എസ് അതിർത്തിയിലെത്തി എന്നിങ്ങനെയുള്ള വിവരങ്ങൾ ഉദ്യോ​ഗസ്ഥർ ഇവരിൽനിന്ന് ശേഖരിച്ചിരുന്നു. ആദ്യ ബാച്ചിലെത്തിയവർ വിവരങ്ങൾ നൽകാൻ മടി കാണിച്ചെങ്കിലും പിന്നീടെത്തിയ രണ്ട് ബാച്ചിലുള്ളവരും സഹകരിച്ചെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ശരാശരി 40-45 ലക്ഷം രൂപയാണ് ഓരോരുത്തരും ഏജന്റുമാർക്ക് നൽകിയത്. പാകിസ്താൻ, ദുബായ്, ഇറ്റലി, സ്പെയിൻ, മെക്സിക്കോ, യു.എസ്, യു.കെ എന്നിവിടങ്ങളിലും പഞ്ചാബിലും ഉള്ളവരായിരുന്നു ഏജന്റുമാർ. എന്നാൽ നാടുകടത്തപ്പെട്ട് തിരിച്ചെത്തിയ പലർക്കും ഏജന്റുമാരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ഇവർ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നത്.

കൂടാതെ, ഏജന്റുമാർക്ക് പണം നൽകിയവരിൽ ഭൂരിഭാ​ഗം പേർക്കും രസീതും ലഭിച്ചില്ല. ചിലർ മാത്രമാണ് ഓൺലൈൻ വഴി പണം നൽകിയത്. മറ്റുചിലർ മൊത്തം തുകയിൽ പകുതി പണമായും ബാക്കി ഓൺലൈനിലൂടെയുമാണ് കൈമാറിയത്. അതേസമയം, ഏജന്റുമാർക്കെതിരേ കേസ് കൊടുക്കാൻ ചിലർ തയ്യാറാകുന്നുണ്ടെങ്കിലും മറ്റുചിലർ വിമുഖത കാട്ടുന്നുണ്ട്.

ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്. ഫെബ്രുവരി അഞ്ചിനാണ് വിവിധ സംസ്ഥാനക്കാരായ ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്‌സറിലെത്തിയത്. അതേസമയം, അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തിൽ കൊണ്ടുവന്നത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !