കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഓമശ്ശേരി സ്വദേശി ഷബീര്‍ അലിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. ബിസിനസ് രംഗത്തെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു.കഴിഞ്ഞ 15 വര്‍ഷത്തോളമായി ഫിറോസ്ഖാന് എന്ന വ്യക്തി നടത്തുന്ന സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഷബീര്‍. അവിടെ മാര്‍ക്കറ്റിങ് മാനേജറായാണ് ജോലി ചെയ്തിരുന്നത്. ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കുറച്ച് തര്‍ക്കങ്ങള്‍ ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നു.
പ്രത്യേക മീറ്റിംങ് ഉണ്ടെന്ന് പറഞ്ഞ് തന്നെ കാബിനിലേക്ക് വിളിപ്പിച്ചെന്നും അരമണിക്കൂറോളം സംസാരിച്ച ശേഷം ഭക്ഷണം കഴിക്കാന്‍ മുക്കത്തേക്ക് പോകാം എന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയെന്നും യുവാവ് പറയുന്നു.
വാഹനം അഗസ്ത്യന്‍മൂഴി എത്തിയപ്പോള്‍ ഗുണ്ടാ സംഘം കാറിന്റെ വാതില്‍ തുറന്ന് അകത്ത് കയറി. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം കഴുത്തിന് പിടിച്ചു. ആ സമയത്ത് വാഹനം ഓടിക്കുകയായിരുന്ന ഫിറോസ് ഖാന് തന്റെ മുഖത്ത് ഇടിച്ചു. വാഹനം മുറമ്പാത്തി എത്തുന്നവരെ മര്‍ദ്ദനം തുടര്‍ന്നു. അത് കഴിഞ്ഞ് കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും മര്‍ദ്ദിച്ചു. പിന്നീട് വൈകുന്നേരം താമരശ്ശേരിയിലെ ഒരു കുന്നിന്മുകളില് എത്തിച്ചും രാത്രി വയനാട്ടില്‍ എത്തിച്ചും മര്‍ദ്ദിച്ചു. പിറ്റേ ദിവസം താമരശ്ശേരിയില്‍ എത്തിച്ച് ഇറക്കി വിട്ടുവെന്നും ഷബീര്‍ പറഞ്ഞു.
തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇത് സംബന്ധിച്ച് കൊടുവള്ളി പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും യുവാവ് പറയുന്നു. തന്നെ മര്‍ദ്ദിക്കാന്‍ അഞ്ച് ലക്ഷം രൂപ കൈമാറിയെന്നും പോലീസിനും പണം കൊടുത്തിട്ടുണ്ടെന്നും മര്‍ദ്ദിക്കുന്ന സമയത്ത് ഉടമ പറഞ്ഞതായും യുവാവ് ആരോപിക്കുന്നു.

പരിക്കേറ്റ ഷബീര്‍ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് കൊടുവള്ളി പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.