ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഡോണൾഡ് ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ചയച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സി–17 വിമാനം 205 യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽനിന്നാണ് ഇന്ത്യയിലേക്കു പുറപ്പെട്ടത്.
ഓരോ യാത്രക്കാരന്റെ രേഖകളും കൃത്യമായി പരിശോധിച്ചശേഷമാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ 1,100 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്തു.
അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോൾ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചർച്ചകളിൽ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എൽ പാസോ, ടെക്സസ്, സാൻ ഡിയഗോ, കലിഫോർണിയ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്.
ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാൻ കൊളംബിയ രണ്ട് വിമാനങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.