തിരുവനന്തപുരം: ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) പണിമുടക്ക് കാര്യമായി ബാധിച്ചില്ലെന്നും എല്ലാ ഡിപ്പോകളിലും സർവീസുകൾ ഏറക്കുറെ സാധാരണ നിലയിലാണെന്നും കെഎസ്ആർടിസി. എറണാകുളം ജില്ലയിൽ കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തോടു സമ്മിശ്ര പ്രതികരണം. പെരുമ്പാവൂർ ഡിപ്പോയെയാണ് സമരം കാര്യമായി ബാധിച്ചത്.
എറണാകുളം ഡിപ്പോയിൽ ഇന്നലെ രാത്രി 8 മുതൽ ഇന്നു രാവിലെ 8 വരെ 77 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തു. ഇന്നു രാവിലെ 8 മണി വരെ 9 എസി ബസുകൾ ഉൾപ്പെടെ 35 ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയിൽ 4 സര്‍വീസുകള്‍ മുടങ്ങി. രാവിലെ 8 മണി വരെ 51 സർവീസുകൾ നടത്തി. പിറവം ഡിപ്പോയിൽനിന്ന് രാവിലെ 5 മണി മുതൽ 9 മണി വരെ 25 സർവീസുകൾ നടത്തി. ആകെ ഉള്ളത് 29 സർവീസുകളാണെങ്കിലും ബസില്ലാത്തതിനാൽ 4 എണ്ണം മുടങ്ങി.പെരുമ്പാവൂർ ഡിപ്പോയെ സമരം കാര്യമായി ബാധിച്ചു. രാവിലെ 4.50 മുതൽ 8.20 വരെ 39 സർവീസുകൾ നടത്തേണ്ടിയിരുന്ന സ്ഥാനത്ത് സർവീസ് നടത്തിയത് 17 എണ്ണം മാത്രം. കൂത്താട്ടുകുളം ഡിപ്പോയിൽ സമരം കാര്യമായി ബാധിച്ചില്ല. രാവിലെ 5 മുതൽ 8.40 വരെ 23 സർവീസുകൾ. ആലുവയിൽ 16 സർവീസുകള്‍ മുടങ്ങി. 58 സർവീസുകളാണ് സാധാരണ നടത്താറുള്ളത്. ദീർഘദൂര സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടില്ല. പ്രാദേശിക സർവീസുകളാണ് മുടങ്ങിയതിൽ കൂടുതലും.കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസി ബസുകൾ പതിവുപോലെ സർവീസ് നടത്തുന്നു. കെഎസ്ടിഡബ്യുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ പ്രകടനം നടത്തി. കൊല്ലം യൂണിറ്റിൽ ആകെ 76ൽ 58 എണ്ണം സർവീസ് നടത്തി. പുനലൂരിൽ എല്ലാ സർവീസും അയച്ചു. ആര്യങ്കാവിൽനിന്ന് അധികമായി 4 എണ്ണം പോയി. കാസർകോട്ടും തിരുവനന്തപുരത്തും സർവീസുകൾ മുടങ്ങിയില്ല. കിളിമാനൂരിൽ എല്ലാ സർവീസും അയച്ചു. ഉച്ചയ്ക്ക് 2 സ്പെഷൽ സർവീസ് കൂടി അയയ്ക്കും. കൊട്ടാരക്കരയിൽ 113ൽ 110ഉം വെഞ്ഞാറമൂട്ടിൽ മുഴുവൻ സർവീസുകളും പോയെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ന് അർധരാത്രി വരെയാണു പണിമുടക്ക്. സമരം നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം തരുന്നതു മാസം പകുതിയോടെയാണ് എന്നു ചൂണ്ടിക്കാട്ടിയാണു സമരം. സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനമാണെന്നും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്നു മാനേജ്മെന്റ് നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.