കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിലില്‍ വീണ്ടും ഭരണ – പ്രതിപക്ഷ പോര്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള വിഷയങ്ങളിലാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായത്. തട്ടിക്കൊണ്ടു പോകപ്പെട്ട സിപിഎം കൗൺസിലർ കല രാജു ഇനി യുഡിഎഫിനൊപ്പം ചേർന്നു പ്രവര്‍ത്തിക്കും.
രാവിലെ കൗൺസിൽ യോഗം ചേർന്നപ്പോൾ തങ്ങൾക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം നോട്ടിസ് നല്‍കിയിരുന്നത്. എന്നാൽ നേരത്തെ നോട്ടിസ് നല്‍കാതെ അടിയന്തര ചർച്ച അനുവദിക്കാനാകില്ലെന്ന് നഗരസഭ അധ്യക്ഷ നിലപാടെടുത്തു. ഇതിന്മേൽ അന്യോന്യം തർക്കം നടക്കുന്നതിനിടെ നഗരസഭ അധ്യക്ഷ മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിൽ കല രാജുവിനെതിരെ മോശം പരാമർശം നടത്തി എന്ന് യുഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രസ്താവനയാണ് കാര്യങ്ങൾ മോശമാക്കിയത്.
ഇതോടെ മോശം വാക്കുകൾ ഉപയോഗിക്കരുതെന്നും മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴി എന്ന പേരിൽ കള്ളം പ്രചരിപ്പിക്കരുെതന്നും ആവശ്യപ്പെട്ട് ഇടതു കൗണ്‍സിലർമാരും പ്രതിഷേധിച്ചു. ഇതോടെ യോഗം ബഹളമയമാവുകയും യുഡിഎഫ് കൗൺസിലർമാർ യോഗ ഹാളിൽ തന്നെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തന്റെ കാര്യങ്ങൾക്കു വേണ്ടിയാണ് യുഡിഎഫ് അംഗങ്ങൾ രംഗത്തുവന്നതെന്നും അതിനാൽ ഇനി അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി കല രാജുവും കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കൗൺസിൽ യോഗത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് രാവിലെ സിപിഎം പാർലമെന്ററി പാർട്ടി യോഗം ചേർന്നെങ്കിലും കല രാജു പങ്കെടുത്തിരുന്നില്ല. പാർട്ടി അംഗത്വമോ കൗൺസിലർ സ്ഥാനമോ കല രാജു രാജി വച്ചിട്ടില്ല. ഇടത് അംഗമായിരുന്നുകൊണ്ടു തന്നെ യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് കല രാജു വ്യക്തമാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.